സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ; സ്ഥാപന മേധാവികൾ ഇന്ന് റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. ബലക്ഷയമുള്ള മുഴുവൻ കെട്ടിടങ്ങളുടെയും റിപ്പോർട്ട് കൈമാറാനാണ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ രോഗികളോ, കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഡിഎച്ച്എസ് ഇന്നലെ സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
കോട്ടയം അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയത്. റിപ്പോർട്ട് കിട്ടിയതിന് ശേഷം അടിയന്തര നടപടികളുണ്ടാകും എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. കെട്ടിടങ്ങളുടെ ബലക്ഷയം ചോർച്ച അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പിഡബ്ല്യുഡി വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കാനുള്ള നിർദ്ദേശവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.