ജുനൈദ് കൈപ്പാണിയുടെതദ്ദേശപഠനം: ഇംഗ്ലീഷ്പരിഭാഷ പ്രകാശനം ചെയ്തു
തൃശ്ശൂർ:”ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്- തോട്ട് ആൻഡ് പ്രാക്ടീസ് ” എന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനകർമ്മം തൃശ്ശൂരിലെ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍(കില) ആസ്ഥാനത്ത് നടന്നു.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്,എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുൻമന്ത്രി ടി.എം. തോമസ് ഐസകിന് കൈമാറി പ്രകാശനം ചെയ്തു.
വികേന്ദ്രികൃതാസൂത്രണത്തെക്കുറിച്ച് ജുനൈദ് കൈപ്പാണി രചിച്ച മലയാള ഗ്രന്ഥമായ
‘വികേന്ദ്രീകൃതാസൂത്രണം
ചിന്തയും പ്രയോഗവും’ എന്നതിന്റെ പരിഭാഷയാണിത് .
കർണാടക മുൻ ആഭ്യന്തര മന്ത്രി പി.ജി.ആർ സിന്ധ്യയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. പി.എ ബഷീറാണ് പരിഭാഷകൻ. സ്ട്രിങ് പബ്ലിക്കേഷൻസാണ് പ്രസാധകർ.
സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ രംഗത്തെ വ്യക്തികൾ,ജനപ്രതിനിധികൾ തുടങ്ങിയ നിരവധിയായ ആളുകൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ക്ഷേമ പ്രവർത്തനങ്ങളും
വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ തയ്യാറാക്കിയ പഠനരേഖയാണിത്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് കൃതിയിലൂടെ ചെയ്യുന്നത്.