പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നിയമനത്തിൽ സംവരണ നയം പ്രഖ്യാപിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗ്ഗജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും നേരിട്ടുളള നിയമനത്തിനുമായി സംവരണ നയം പ്രഖ്യാപിച്ച് സുപ്രീംz കോടതി. 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതിയിൽ സംവരണമേർപ്പെടുത്തുന്നത്. ജൂൺ 23 മുതൽ നയം പ്രാബല്യത്തിൽ വന്നു. പുതിയ നയം അനുസരിച്ച് പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം സംവരണവും പട്ടിക വർഗ ജീവനക്കാർക്ക് 7.7 ശതമാനം സംവരണവും പ്രമോഷനുകളിൽ ലഭിക്കും.
കൂടാതെ രജിസ്ട്രാർമാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റുമാർ, അസിസ്റ്റൻ്റ് ലൈബ്രറേറിയന്മാർ, ജൂനിയർ കോടതി അസിസ്റ്റൻ്റുമാർ, ചേംബർ അറ്റൻഡർമാർ എന്നിവർക്കാണ് സംവരണ ആനുകൂല്യമുളളത്. ഇനി മുതൽ സുപ്രീം കോടതി ജീവനക്കാരിൽ പട്ടികജാതി, പട്ടിക വർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും ഉണ്ടാവുക. മാതൃകാ സംവരണ റോസ്റ്ററും രജിസ്റ്ററും ആഭ്യന്തര ഇമെയിൽ ശൃംഗലയിൽ അപ്ലോഡ് ചെ്തിട്ടുണ്ട്. റോസ്റ്റിലോ രജിസ്റ്ററിലോ തെറ്റുകളുണ്ടെങ്കിൽ ജീവനക്കാർക്ക് രജിസ്ട്രാറെ അറിയിക്കാം.
സർക്കാർ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണമുളളപ്പോൾ സുപ്രീം കോടതി മാത്രം എന്തുകൊണ്ട് മാറിനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. അതേസമയം സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനത്തിൽ സംവരണം ബാധകമല്ല. സംവരണം പൂർണമായി നടപ്പിലാക്കുമ്പോൾ സുപ്രീം കോടതിയുടെ ആഭ്യന്തര ഭരണത്തിൽ മിനിമം 600 ജീവനക്കാർ പട്ടികജാതി, പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരുണ്ടാകുമെന്നാണ് വിലയിരുത്തൽ.