ജില്ലയിൽ മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാനായില്ല
ജില്ലയിൽ റേഷൻകട വഴി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ചില്ല. സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും ജില്ലയിലെ വിതരണം ഇതുവരെ ആരംഭിക്കാനായിട്ടില്ല.
ജില്ലയിൽ മൊത്തംവിതരണം കരാറുകാരൻ ഏറ്റെടുക്കാത്തതും ആവശ്യമായ മണ്ണെണ്ണ പമ്പ് സ്റ്റേഷൻ ഇല്ലാത്തതുമാണ് വിതരണം മുടങ്ങാൻ കാരണം.
അയൽ ജില്ലകളായ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നേരിട്ട്പോയി ആവശ്യമായ മണ്ണെണ്ണ കൊണ്ടുവരേണ്ട അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ. 350 മുതൽ 600 ലിറ്റർ വരെ ശരാശരി മണ്ണെണ്ണ വിതരണം ചെയ്യുന്ന റേഷൻ വ്യാപാരിക്ക് ലിറ്ററിന് രണ്ട് രൂപ തൊഴിലാണ് കമ്മീഷൻ ലഭിക്കുക. മറ്റു ജില്ലയിൽ പോയി മണ്ണെണ്ണ എത്തിക്കണമെങ്കിൽ ലിറ്ററിന് ഏഴ് രൂപയോളം ചെലവ് വരും. സർക്കാരിന്റെ ഭാഗത്തുനിന്നും കമ്മീഷൻ ഏഴു രൂപ ആക്കണം എന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
ചെറിയ വാഹനങ്ങളിലും മറ്റും മണ്ണെണ്ണ എത്തിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണങ്ങളുമുണ്ട്. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ടാങ്കർ ലോറികളിൽ കൊണ്ടുപോകണമെന്നാണ് നിയമം. വൈദ്യുതിയില്ലാത്ത ഉന്നതികളിൽ മണ്ണെണ്ണയ്ക്ക് പകരം ഡീസൽ ഒഴിച്ചാണ് വിളക്ക് കത്തിക്കുന്നത്.
റേഷൻ വിതരണം പുനഃസ്ഥാപിക്കെപ്പെട്ടതറിഞ്ഞ് റേഷൻകടകളിൽ മണ്ണെണ്ണ ചോദിച്ചെത്തുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഇതുവരെയും വിതരണം ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയിൽ മാനന്തവാടിൽ മാത്രമുള്ള മണ്ണെണ്ണ ഫില്ലിംഗ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇതിന് ഉടൻ പരിഹാരമുണ്ടാകണമെന്നാണ് റേഷൻ വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും ആവശ്യം