Feature NewsNewsPopular NewsRecent Newsവയനാട്

നർമ്മദേ ഹർ നോവൽ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: വയനാട്ടിലെ മീനങ്ങാടി സ്വദേശിയായ ജോയ് പാലക്കമൂലയുടെ പതിനാറാമത്തെ കൃതിയായ നര്‍മ്മദേ ഹര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ നടത്തി.പ്രകാശനച്ചടങ്ങില്‍, ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ. മോഹന്‍ബാബുവില്‍ നിന്ന് എഴുത്തുകാരന്‍ ഏച്ചോം ഗോപി ആദ്യപ്രതി സ്വീകരിച്ചു.നാടകകൃത്തും സാഹിത്യകാരനുമായിരുന്ന കെ.ജെ. ബേബിയുടെ ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കിയ ജീവചരിത്ര നോവലാണ് നര്‍മ്മദേ ഹര്‍. നര്‍മ്മദയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ജീവിതത്തിന്റെയും കലയുടെയും പരിധികളെ ചോദ്യം ചെയ്യും ഈ കൃതി, മലയാള ഭാഷയുടെ ആഖ്യാനശൈലിക്കും ആത്മീയതയുടെ ഗവേഷണപരമായ സമീപനത്തിനും പുതിയ ദിശകള്‍ തുറക്കുന്നതുമാണ് നര്‍മ്മദേ ഹര്‍. മലയാള നാടകരംഗത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ കെ.ജെ.ബേബി, സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളും വിസ്മരിക്കാനാവില്ല. കനവ് എന്ന ഗോത്ര വിദ്യാലയത്തിലൂടെ വിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാതൃകയാണ് അദ്ദേഹം നമുക്ക് മുന്‍പില്‍ വച്ചത്. വയനാടിന്റെ തനത് സംസ്‌കരങ്ങള്‍ ഇഴചേര്‍ന്ന നാടന്‍ പാട്ടുകളുമായ് ഇന്ത്യയുടെ ഗ്രാമങ്ങള്‍ തോറും അദേഹം സഞ്ചരിച്ചു. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍, ഹിമാലയത്തിലൂടെയും, തിരുവണാ മലയിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലൂടെയും അദേഹത്തിന്റെ ജീവിതാന്വേഷണങ്ങള്‍ നീണ്ടുപോയി. അതിന്റെ തുടര്‍ച്ചയായി നര്‍മ്മദാ നദീതീരത്തിലൂടെ നടത്തിയ നര്‍മ്മദാ പരിക്രമ എന്ന ആത്മീയയാത്രയാണ് ഈ നോവലിന്റെ പശ്ചാത്തലം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി നീണ്ടുനിലക്കുന്ന 1312 കി.മീ. നീളമുള്ള നര്‍മ്മദ നദിയുടെ തീരത്തെ പരിക്രമയാത്ര ആത്മപരിശോധനയുടെ അടയാളമായി ഈ കൃതിയില്‍ ആഴപ്പെടുന്നു. നര്‍മ്മദയുടെ ഉത്ഭവസ്ഥാനമായ അമര്‍കണ്ഠക്കില്‍ നിന്ന് ആരംഭിച്ച്, അറബിക്കടലില്‍ ഒഴുകി ചേരുന്ന ഖംബാത് വരെ, ഒരു കരയിലൂടെ ചെന്ന് മറ്റേ കരയിലൂടെ തിരിച്ചെത്തുന്ന നര്‍മ്മദ പരിക്രമയാത്ര, ഇന്ത്യന്‍ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു മഹത്തായ അടയാളമാണ്. ഈ സഞ്ചാരത്തിലൂടെ ശ്രീ. ബേബി അനുഭവിച്ച ആത്മീയ ബോധം, പ്രത്യാശകളും പരാജയങ്ങളും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ എന്നിവ, എഴുത്തുകാരന്‍ അത്യന്തം വിശുദ്ധിയോടെയും കവിതാത്മകതയോടെയും പുനരാഖ്യാനം ചെയ്യുന്നു. ഗോത്ര ജീവിതത്തിന്റെ നൊമ്പരം അലിഞ്ഞു ചേര്‍ന്ന തുടിതാളത്തെയും സാമൂഹികബോധത്തെയും നെഞ്ചിലേറ്റിയ ബേബിയുടെ ജീവിതം, ഈ കൃതിയില്‍ ഒരാത്മാന്വേഷണയാത്രയായാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *