വിദ്യാദീപം പദ്ധതിക്ക് തുടക്കമായി
മാനന്തവാടി: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വീടുകളിൽ പഠനസൗകര്യമൊരുക്കുന്നതിനായി വിഭാവനം ചെയ്ത് മാനന്തവാടി നഗരസഭ 16 ലക്ഷം രൂപ വകയിരുത്തിയ ബൃഹത് പദ്ധതിയുടെ ഉദ്ഘാടനവും പഠനസൗകര്യങ്ങളുടെ ആദ്യഘട്ട വിതരണോദ്ഘാടനവും 2025 മെയ് 27 രാവിലെ 10. 30 ന് മാനന്തവാടി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു. നഗരസഭാ പരിധിയിയിൽ 9, 10, 12 ക്ലാസുകളിൽ പഠിക്കുന്ന 270 വിദ്യാർത്ഥി കൾക്കുള്ള മേശ, കസേര എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുതത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ച യോഗത്തിൽ ചെതലയം ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോ നാരായണൻ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.
പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക, സ്കൂളിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, വീടുകളിൽ മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. യോഗത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പാത്തുമ്മ, പി വി എസ് മൂസ കൗൺസിലർമാരായ പി വി ജോർജ്, മാർഗ്ഗരേറ്റ് തോമസ്, ശാരദ സജീവൻ, ഷിജ മോബി, സ്മിത, ബാബു പുളിക്കൽ, വി യു ജോയ്, ലൈലാ സജി, ടിജി ജോൺസൺ, ഇമ്പ്ലിമെൻറിംഗ് ഓഫീസറും മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ പിസി തോമസ് എന്നിവർ സംസാരിച്ചു.