Event More NewsFeature NewsNewsPoliticsPopular News

കാർഷിക മേഖല നേരിടുന്ന വിഷയങ്ങളിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി പ്രത്യേക യോഗം ചേരും – കൃഷി മന്ത്രി പി. പ്രസാദ്

വന്യ ജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഫലഭൂയിഷ്ഠിത വർദ്ധിപ്പിക്കൽ, കൂടുതൽ വിളകൾക്ക് അടിസ്ഥാന വില ലഭ്യമാക്കൽ തുടങ്ങി കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടേയും സഹായത്തോടെ ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ICAR) ൻ്റെ നേതൃത്വത്തിൽ മെയ് 29 മുതൽ ജൂൺ 12 വരെ നടപ്പാക്കുന്ന “വികസിത് കൃഷി സങ്കൽപ് അഭിയാൻ” പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിളിച്ചു ചേർത്ത ഓൺലൈൻ ആലോചനാ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി പി. പ്രസാദ്. കാർഷിക വികസന പദ്ധതികളിൽ കാര്യക്ഷമമായ ഇടപെടലുകൾക്കായി കർഷകരെ ശാക്തീകരിക്കുന്ന പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളും വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള കാർഷിക സർവ്വകലാശാല, പ്രാദേശിക ഭരണകൂടങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കാർഷികോല്പാദക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ ശൃംഖലയിലൂടെ ഈ പദ്ധതി ഗ്രാമീണ തലത്തിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. തെങ്ങ്, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് ഐ.സി.എ.ആർന്റെ പ്രാദേശികമായ ഗവേഷണ കേന്ദ്രങ്ങളുടെ പിന്തുണ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കർഷകരെ ശാസ്ത്രീയവും ആധുനികവുമായ കൃഷിരീതികളിലേക്ക് നയിക്കുവാനും കാർഷിക പദ്ധതികളുടെ പ്രയോജനങ്ങൾ ഗ്രാമീണ തലത്തിൽ എത്തിക്കുവാനും ലക്ഷ്യമിടുന്ന പദ്ധതിയിൽ കർഷകർക്ക് ഏറ്റവും അനുയോജ്യമായ കാർഷിക പിന്തുണ, വിജ്ഞാനം, നൂതന സാങ്കേതികവിദ്യകൾ എന്നിവ നൽകി സുസ്ഥിരതയും ആധുനികതയും അടിസ്ഥാനമാക്കി കൃഷിയെ പരിവർത്തനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് തലത്തിൽ കർഷക സംഗമങ്ങൾ, പരിശീലന ശിബിരങ്ങൾ, ശാസ്ത്രീയ കൃഷിപാഠങ്ങൾ, വിജയഗാഥകൾ പങ്കുവെക്കുന്ന പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനൊപ്പം, വിവിധ കാർഷിക വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും സഹകരിച്ച് കർഷകരെ സജീവ പങ്കാളികളാക്കി ഈ ലക്ഷ്യം കൈവരിക്കുവാനും ഉദ്ദേശിക്കുന്നു. പദ്ധതി നടത്തിപ്പിന് കേരള സർക്കാരിന്റെ പൂർണ്ണ പിന്തുണ കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൃഷിവകുപ്പുമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ, ജില്ലാകളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *