ബത്തേരി ഉപജില്ലാ അധ്യാപക പരിശീലനത്തിന് തുടക്കം; വിദ്യാഭ്യാസ ഗുണനിലവാരവും സാമൂഹ്യപ്രശ്നങ്ങളും മുഖ്യ ചർച്ചാവിഷയങ്ങൾ
ബത്തേരി: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂളിൽ അധ്യാപകർക്കായുള്ള ഉപജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി, മലയാളം, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.
പരിശീലന പരിപാടിയിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ്, പുതിയ പാഠ്യപദ്ധതിയായ പാഠപുസ്തക മെഡ്യൂളുകൾ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇതിനോടൊപ്പം ലഹരിവിമുക്തമായ ഒരു സമൂഹം രൂപീകരിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യും.
ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ.എം. അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ബി.പി.സി. രാജൻ ടി. സ്വാഗതം ആശംസിച്ചു. എ.ഇ.ഒ. ഷിജിത് ബി.ജെ. നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ ആശംസാ പ്രസംഗം നടത്തി.