Feature NewsNewsPopular NewsRecent NewsWorld

ഇന്ത്യൻ വിദ്യാർഥികൾക്കായി 2000 അധിക മെഡിക്കൽ സീറ്റുകൾ അനുവദിച്ച് റഷ്യ

മോസ്കോ: ഇന്ത്യൻ വിദ്യാർഥികൾക്കായി 2000 അധിക മെഡിക്കൽ സീറ്റുകൾ അനുവദിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ താത്പര്യമുള്ള വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യ സീറ്റുകൾ വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ റഷ്യൻ ഫെഡറേഷന്റെ കോൺസുലേറ്റ് ജനറലിലെ കോൺസൽ ജനറൽ വലേരി ഖോഡ്ഷേവാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയാണ് ഏറ്റവും മികച്ച ചോയ്‌സ് എന്ന് വലേരി പറഞ്ഞു. ലോകമെമ്പാടും ഉയർന്ന നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിൽ റഷ്യൻ സർവകലാശാലകൾക്ക് വർഷങ്ങളായുള്ള പാരമ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ വിദ്യാഭ്യാസത്തിനായി റഷ്യയിൽ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർധിച്ചുവരികയാണ്. 2024ൽ മെഡിക്കൽ സീറ്റുകളുടെ എണ്ണം 8000ൽ നിന്ന് 10,000 ആയി റഷ്യ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 60 വർഷമായി ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് റഷ്യൻ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്കായി മികച്ച പഠനാന്തരീക്ഷമാണ് റഷ്യ നൽകുന്നതെന്നും വലേരി ഖോഡ്ഷേവ് പത്രക്കുറിപ്പിൽ പറഞ്ഞു.

മുൻ വർഷങ്ങളിലേത് പോലെ 200 വിദ്യാർത്ഥികൾക്ക് റഷ്യ 100 ശതമാനം സ്കോളർഷിപ്പ് പ്രോഗ്രാം അനുവദിക്കുമെന്ന് റഷ്യൻ ഹൗസ് വൈസ് കോൺസലും ഡയറക്‌ടറുമായ അലക്സാണ്ടർ ഡോഡോനോവ് പറഞ്ഞു. ബാച്ചിലേഴ്സ്, മാസ്റ്റേഴ്‌സ്, ഗവേഷണങ്ങൾ തുടങ്ങിയ കോഴ്സു‌കൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

2025-26 അധ്യയന വർഷത്തേക്കുള്ള അഖിലേന്ത്യാ റഷ്യൻ വിദ്യാഭ്യാസ മേള മെയ് 10, 11 തീയതികളിൽ റഷ്യൻ സെന്റർ ഓഫ് സയൻസ് ആൻഡ് കൾച്ചറിൽ നടക്കും. കോയമ്പത്തൂർ, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സമാനമായ പരിപാടികൾ നടക്കും. വോൾഗോഗ്രാഡ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, ഇമ്മാനുവൽ കാന്റ് ബാൾട്ടിക് ഫെഡറൽ യൂണിവേഴ്‌സിറ്റി, കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, നാഷണൽ റിസർച്ച് ന്യൂക്ലിയർ യൂണിവേഴ്സ‌ിറ്റി, മോസ്കോ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മോസ്കോ സ്റ്റേറ്റ് റീജിയണൽ യൂണിവേഴ്‌സിറ്റി തുങ്ങിയ യൂണിവേഴ്സിറ്റകൾ മേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *