പാകിസ്താൻ സർക്കാരിന്റെ ‘എക്സ്’ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
ന്യൂ ഡൽഹി: പാക് സർക്കാരിൻ്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.*അതേസമയം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാർക്ക് നൽകിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നുലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എൻസിപി ഉൾപ്പെടെയുളള പാർട്ടികൾ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു