ഗുരുദേവദർശനങ്ങൾ കാലികപ്രസക്തം: ജുനൈദ് കൈപ്പാണി
പുൽപ്പള്ളി:
വൈരവും പരസ്പര അനാദരവും സൃഷ്ടിച്ച് ജനങ്ങളെ വിഭാഗീയതയിലാഴ്ത്തി മുതലെടുക്കുന്ന ശക്തികളെ നേരിടാനുള്ള ഊർജ്ജമാണ് ശ്രീനാരായണ ഗുരുദേവന്റെ സ്മൃതിയും മഹിത ദർശനങ്ങളുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
പുൽപ്പള്ളി
ജയശ്രീ ആർട്സ് & സയൻസ് കോളേജ് തെയ്യാറാക്കിയ ‘ചിരികൾക്കിടയിൽ’ കോളേജ് മാഗസിൻ
പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ശിവഗിരിമഠം സന്ന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ആദ്യപ്രതി ഏറ്റുവാങ്ങി.
‘വിദ്യകൊണ്ടു സ്വതന്ത്രരാവൂ’ എന്ന ശ്രീനാരായണ ഗുരു ഉദ്ബോധിപ്പിച്ചതിന്റെ മൂല്യം പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന മാതൃക വിദ്യാഭ്യാസ കൂട്ടായ്മയാണ് ജയശ്രീയുടേതെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
ഗുരു മുന്നോട്ടുവച്ച വിദ്യാഭ്യാസ രീതി എല്ലാ വൈകാരികതകളെയും അംഗീകരിച്ച് അവ നിയന്ത്രണ വിധേയമായി കൈപ്പിടിയിലൊതുക്കാൻ പഠിപ്പിക്കുന്നതാണ്.
മതനിരപേക്ഷ മൂല്യങ്ങൾ മുൻനിർത്തിയുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരുവാൻ ശ്രീനാരായണ ദർശനങ്ങൾ സഹായിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷാ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി സ്കൂൾ മാനേജർ കെ.ആർ. ജയറാം, ജയശ്രീ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് ഷിബു, സി കെ എം ട്രസ്റ്റ് സെക്രട്ടറി കെ.ആർ. ജയരാജ്, സ്റ്റാഫ് എഡിറ്റർ മൃദുല, മാഗസിൻ എഡിറ്റർ രഹന ബേബി, ഫെബിൻ സജി, ഷൈൻ പി ദേവസ്യ,എം.വി ബാബു എന്നിവർ സംസാരിച്ചു.