ലൈഫിൽ ഇടം കിട്ടാത്തവരെ പിഎംഎവൈയിൽ ഉൾപ്പെടുത്താനുള്ള അനുമതിക്ക് സർക്കാരിനെ സമീപിക്കും: ആസൂത്രണ സമിതി യോഗം
25 സെന്റിൽ കൂടുതലായി കൈവശഭൂമിയുള്ളതിന്റെ പേരിൽ ലൈഫ് മിഷൻ ഭവനപദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഗുണഭോക്താക്കളെ സർവ്വേ നടപടിയിലൂടെ കണ്ടെത്തി പി എം എ വൈ (ഗ്രാമീൺ) പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അനുമതിക്ക് സർക്കാരിനെ സമീപിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് എ പി ജെ ഹാളിൽ നടന്ന യോഗം
ജില്ലയിലെ നാല് ബ്ലോക്കുകൾ ഉൾപ്പെടെയുള്ള
21 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 ലെ വാർഷിക പദ്ധതികൾക്ക് അനുമതി നൽകി.
നൂതന പദ്ധതികളും മാതൃക പദ്ധതികളും പ്രത്യേകം വിലയിരുത്തുകയും ഭേദഗതികൾ ഉൾപ്പെടുത്തി പരിഷ്കരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടാതെ പോയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവ്വേ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്റോട് യോഗം ആവശ്യപ്പെട്ടു.
അതിദരിദ്രർക്ക് വേണ്ടിയുള്ള മൈക്രോ പ്ലാൻ, അരിവാൾ രോഗബാധിതർക്ക് പോഷകാഹാര കിറ്റ് നൽകുന്ന പദ്ധതി, വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃക പ്രൊജക്റ്റുകൾ, എബിസി പ്രോഗ്രാം, വയോജനക്ഷേമം, പാലിയേറ്റീവ് കെയർ, പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴിലവസരത്തിനുമുള്ള പ്രോജക്റ്റുകൾ, ദുരന്തനിവാരണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കുള്ള പ്രാദേശിക കർമ്മപദ്ധതി പ്രോജക്റ്റുകൾ, ഖര ദ്രവ മാലിന്യ പരിപാലനത്തിനായുള്ള പ്രോജക്റ്റുകൾ എന്നിവ യോഗം ചർച്ച ചെയ്ത് അനുമതി നൽകി.
ഭിന്നശേഷി സ്കോളർഷിപ്പിന് അർഹരായ തദ്ദേശഭരണ സ്ഥാപന പരിധിയിലെ മുഴുവൻ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും സ്കോളർഷിപ്പും ബത്തയും പൂർണമായും നൽകുന്നതിനുള്ള പ്രോജക്റ്റുകൾ യോഗം വിലയിരുത്തി.
യോഗത്തിൽ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കെ എസ് ശ്രീജിത്ത്, സർക്കാർ നോമിനി എ എൻ പ്രഭാകരൻ,
ഡി പി സി അംഗങ്ങൾ, ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.