Event More NewsFeature NewsNewsPoliticsPopular NewsRecent News

കൃഷി ആനന്ദത്തിനും ആദായത്തിനും ആരോഗ്യത്തിനും അത്യുത്തമം: കൃഷി മന്ത്രി പി.പ്രസാദ്.

തിരുവനന്തപുരം: കൃഷി ആനന്ദത്തിനും ആദായത്തിനും ആരോഗ്യത്തിനും അതുത്തമമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നെയ്യാറ്റിൻകര, കുളത്തൂർ കൃഷിഭവൻ കീഴിൽ രൂപീകരിച്ച ഊരംവിള കൃഷിക്കൂട്ടംസംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരിയാഹാരം കഴിക്കുന്ന മലയാളിയിൽ നിന്നും അരിയാഹാരം കുറയ്ക്കുന്ന മലയാളിയായി നാം മാറി. നമ്മുടെ നാട്ടിൽ അരിയാഹാരത്തിന് ഒരു വി.ഐ.പി. പരിവേഷം ഉണ്ടായിരുന്ന കാലത്തും ചെറിയ തോതിൽ ചെറുധാന്യങ്ങൾ ഇവിടെ കൃഷി ചെയ്ത് വന്നിരുന്നു. അരി ലഭ്യതയ്ക്ക് കുറവ് വന്നിരുന്ന അവസങ്ങളിൽ നമ്മൾ ആശ്രയിച്ചിരുന്നതും ചെറുധാന്യങ്ങളെയാണ് മന്ത്രി പറഞ്ഞു. എന്നാൽ ഹരിത വിപ്ലവത്തിന്റെ പരിണിതഫലമായി അരിയുടെയും ഗോതമ്പിന്റെയും ഒക്കെ ലഭ്യതയും മതിയായ വിതരണവും സാധ്യമായി. എന്നാൽ അരിയാഹാരം നമ്മുടെ തീന്മേശകളിൽ പ്രധാന വിഭവം ആയതിന് പിന്നാലെ പ്രമേഹവും മറ്റ് ജീവിത ശൈലിരോഗങ്ങളും നമ്മുടെ കൂട്ടിനെത്തി. ഒരു വർഷം 40ലക്ഷം ടൺ അരി എന്ന അളവിൽ നിന്നും 29 ലക്ഷം ടൺ എന്ന നിലയിലേക്ക് നമ്മുടെ സംസ്ഥാനത്തെ അരി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണവും മറ്റൊന്നുമല്ല ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. മറ്റ് പല രോഗങ്ങളിലേക്കും വഴി തുറക്കുന്ന പ്രമേഹത്തിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗം എന്ന നിലയ്ക്ക് ഡോക്ടർമാർ പറഞ്ഞു കേൾക്കുമ്പോഴാണ് വീണ്ടും നമ്മൾ ഈ അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളെ ആഹാരത്തിന്റെ ഭാഗമാക്കാൻ മലയാളി തയ്യാറാകുന്നത്. ഫുഡ്‌ ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (FAO) ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകത്തിന് മുന്നിൽ വിളിച്ചറിയിക്കുന്നതിനു 2023 അന്തർദേശീയ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയും ചെയ്തു. ലോകരാജ്യങ്ങൾ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു. മില്ലറ്റ് ഉത്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും മില്ലെറ്റ് കഫേകളും സംസ്ഥാനത്തുടനീളം രൂപീകരിച്ചു വരികയാണ് കൃഷി വകുപ്പെന്നും മന്ത്രി പറഞ്ഞു. കാർഷിക ടൂറിസം കർഷകർക്ക് ലാഭകരമാകുന്ന തരത്തിൽ നടപ്പിലാക്കിയ ഊരംവിള കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ചെറുധാന്യങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാനും വിവിധ ഇനം ചെറുധാന്യങ്ങൾ പരിചയപ്പെടുത്തുന്നതുമാണ് മില്ലറ്റ് ഫെസ്റ്റിന്റെ ഉദ്ദേശം. കഴിഞ്ഞ ഡിസംബർ മാസത്തിൽ സൂര്യകാന്തി പൂക്കൾക്കൊണ്ട് വർണ്ണ വിസ്മയം തീർത്ത ഊരംവിള കൃഷിക്കൂട്ടം ഇത്തവണ വ്യത്യസ്തതയാർന്ന പൂക്കളുടെ പ്രദർശനവും നടീൽ വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും പ്രദർശനം വിപണന മേളയും, പെറ്റ് ഷോയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20 ദിവസം നീണ്ട് നിൽക്കുന്ന മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ ഏപ്രിൽ 30ന് അവസാനിക്കും. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. ബെൻ ഡാർവിൻ സ്വാഗതഹം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് വൈസ് പ്രസിഡന്റ് ആൽവേ ഡിസ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജി, വാർഡ് മെമ്പർമാരായ സതീഷ് വൈ, ഷിനി എം, പാറശാല ബ്ലോക്ക് കൃഷി എം എസ് സുരേഷ്, കൃഷി ഓഫീസർ ശുഭജിത്ത്, കൃഷി അസിസ്റ്റന്റ് സുനിൽകുമാർ, മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഊരംവിള കൃഷിക്കൂട്ടം അംഗങ്ങളായ വിനോദ്, ഷിനു എന്നീ കർഷകരെ വേദിയിൽ കൃഷിമന്ത്രി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *