Feature NewsNewsPopular NewsRecent Newsകേരളം

മാസപ്പടിക്കേസ്;എസ്എഫ്ഐഒ റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടായി പരിഗണിക്കാമെന്ന് കോടതി

തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി. കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ നിലനിൽക്കും. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നിർദേശം നൽകി.

തുടർനടപടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെയുളളവർക്ക് കോടതി സമൻസ് അയക്കും. പ്രഥമ ദൃഷ്ട‌്യാ കുറ്റം നിലനിൽക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കേസിൽ നമ്പറിടുകയാണ് ആദ്യ നടപടി. ശേഷം എസ്എഫ്ഐഒ പ്രതിചേർത്ത ഒന്നാം പ്രതി സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത മുതൽ 11-ാം പ്രതി ടി. വീണ ഉൾപ്പെടെയുളളവർക്ക് സമൻസ് അയക്കും.

ഇതിൽ നാല് പ്രതികൾ നാല് കമ്പനികളാണ്. അടുത്ത ആഴ്ച‌ തന്നെ ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. മാസപ്പടി കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പിനായി ഇഡി കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകർപ്പ് ഇ.ഡിക്ക് കൈമാറുക. കേസിൽ പിഎംഎൽഎ, ഫെമ കുറ്റങ്ങൾ ചുമത്തുന്ന സാഹചര്യമുണ്ടായാൽ സിഎംആർഎൽ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡിക്ക് കടക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *