ലഹരിക്കെതിരെയും വർഗീയതക്കെതിരെയും ഒറ്റക്കെട്ടാവുക – പി.ടി സിദ്ധീഖ്
മാനന്തവാടി: നാടിനെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും വർഗീയതക്കെതിരെയും മതേതര സമൂഹം ഒറ്റക്കെട്ടാവണമെന്നും എതിർത്ത് തോൽപ്പിക്കണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ്.
മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യ സൗഹൃദങ്ങളെ ബോധപൂർവ്വമായി വർഗീയതയും ലഹരിയും വാരി വിതറി ഇരുട്ടിന്റെ ശക്തികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ജാഗ്രതരാവുക എന്ന പ്രമേയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഏപ്രിൽ 05-മെയ് 5 വരെ നടത്തുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ജാഗ്രത സംഗമം,ഹൗസ് കാംപയിൻ,ലഹരി വിരുദ്ധ കൂട്ടയോട്ടം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിങ് സെക്രട്ടറി സകരിയ്യ, മണ്ഡലം കമ്മിറ്റിയംഗം ആലി പി, നിസാർ,സുബൈർ,ഷംസു, അബു,ഷൗക്കത്തലി, നൗഷാദ്, അസൈനാർ തുടങ്ങിയവർ പങ്കെടുത്തു.