Feature NewsNewsPopular NewsRecent Newsവയനാട്

ഭിന്നശേഷി കുരുന്നുകൾക്ക് താങ്ങായി ഡിസ്ട്രികറ്റ് ഏർലി ഇന്റർവെൻഷൻ സെന്റർ

ഭിന്നശേഷി കുരുന്നുകള്‍ക്ക് താങ്ങായി പ്രതീക്ഷയുടെ കേന്ദ്രമായി കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാഥമിക ഇടപെടല്‍ കേന്ദ്രം (ഡിസ്ട്രികറ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍). 2014-ല്‍ ദേശീയ ആരോഗ്യ ദൗത്യം ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കേന്ദ്രത്തില്‍ കുട്ടികളിലെ ഭിന്നശേഷി തിരിച്ചറിഞ്ഞ് സൗജന്യ ചികിത്സ നല്‍കി ശാരീരിക, മാനസിക വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികളിലെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് ഇവിടെ. പീഡിയാട്രീഷന്‍, സൈക്കോളജി, ശ്രവണ സംസാര വൈകല്യവിഭാഗം, നേത്രരോഗം, ഫിസിയോ തെറാപ്പി, ദന്ത രോഗം, സ്‌പെഷല്‍ എഡ്യൂക്കേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ കുട്ടികള്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ജില്ലാ പ്രാഥമിക ഇടപെടല്‍ കേന്ദ്രത്തിലൂടെ ചികിത്സ ഉറപ്പാക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം ഗ്രൂപ്പ് തെറാപ്പി, വ്യക്തിഗത ചികിത്സ, പരിശീലനം എന്നിവ നല്‍കുന്നതിലൂടെ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ആര്‍.ബി.എസ്.കെ പദ്ധതിയുടെ കീഴില്‍ 33 വിഭാഗങ്ങളിലായി വിവിധ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രാഥമിക ഇടപെടല്‍ കേന്ദ്രത്തിലൂടെ ചികിത്സ ഉറപ്പാക്കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍, പീഡിയാട്രീഷന്‍, ഡെന്റല്‍ സര്‍ജന്‍ അടങ്ങുന്ന ഡോക്ടര്‍മാരുടെ പാനലും നാല് തെറാപ്പിസ്റ്റുകള്‍, സ്റ്റാഫ് നഴ്‌സ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡിഇഐസി മാനേജര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി 12 ഓളം സ്റ്റാഫുകള്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ നിലവില്‍ പതിനായിരത്തോളം കുട്ടികളാണ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ലോക ഓട്ടിസം അവബോധ ദിനമായ നാളെ (ഏപ്രില്‍ 2) ഈ കേന്ദ്രത്തിന്റെ പ്രസക്തി വലുതാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ അതിജീവിതത്തിന് പ്രാപ്തരാക്കാന്‍ കഴിവുള്ള തെറാപ്പികള്‍ സെന്ററിലൂടെ നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *