പുല്‍പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പള്ളി: പുല്‍പള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാര്‍ഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയില്‍ അഞ്ഞൂറിലേറെ വീടുകള്‍, മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയില്‍ പതിനാലര കോടി രൂപ ചെലവഴിക്കാനായത് ഉള്‍പ്പെടെ നിരവധി പദ്ധതികളാണു ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു. പുല്‍പള്ളി ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. മൂന്നര വർഷത്തെ കഠിനപ്രയത്‌നമാണ് ഈ കെട്ടിടത്തിനു പിന്നിലുള്ളത്. ഒരു കെട്ടിടത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ ഓഫിസുകളടക്കം എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും എം പി പറഞ്ഞു. ഉരുള്‍ ദുരന്ത സമയത്ത് വളരെ വിഷമത്തിലും വേദനയിലും കഴിഞ്ഞപ്പോഴും എല്ലാവരും ഒരുമിച്ചു ദുരന്ത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അന്ന് രാഹുല്‍ഗാന്ധിയോടൊപ്പം പഞ്ചായത്ത് തലത്തില്‍ ഒരു യോഗത്തിൽ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. അന്ന് യോഗത്തിനു തൊട്ടുമുമ്പ് രാഹുല്‍ഗാന്ധി പറഞ്ഞത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ കൈവിരല്‍ തുമ്പിലെന്ന പോലെ ദുരന്തബാധിതരെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് സമയത്തും ഏത് മുന്നണിയായാലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്‌നമാണ് അന്ന് കാണാനായത്. വയനാടിനെ സംബന്ധിച്ച് നിരവധി പ്രതിസന്ധികളാണുള്ളത്. അതിലൊന്നാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി മനുഷ്യര്‍ക്കാണുജീവന്‍ നഷ്ടമായത്. ജീവനും ജീവിതോപാദിയും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന അവസ്ഥയാണ്. ഈ വിഷയം ജില്ലാ കലക്ടറുമായി സംസാരിച്ചിരുന്നു. നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. പ്രസ്തുത വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. കഠിനമായ പ്രയത്‌നം ആവശ്യമുള്ള വിഷയമാണിത്. ഈ വിഷയത്തിന് ഒരുമിച്ചു നിന്നു പരിഹാരം കാണാനാവണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എല്ലാ എം പിമാരും ഉയര്‍ത്തിയ മറ്റൊരു പ്രശ്‌നം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വേതനം കുടിശികയായതാണ്. അത് ലഭ്യമാകുന്നതിനായുള്ള പരിശ്രമം തുടരുകയാണെന്നും എം പി പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. ടി സിദ്ധിഖ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരീജ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ടി കരുണാകരന്‍, ശ്രീദേവി മുല്ലക്കല്‍, ജോളി നരിതൂക്കില്‍, ജോമറ്റ് സെബാസ്റ്റ്യന്‍, മണി പാമ്പനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.