വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്‌പ എഴുതി തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ദുരന്ത ബാധിതരുടെ ബാങ്ക് വായ്‌പ പുനക്രമീകരിക്കുമെന്നും ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. വായ്‌പയിൽ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്‌പയായി കണക്കാക്കും. കൂടാതെ ദുരന്ത ബാധിതർക്ക് വായ്‌പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, മൊറട്ടോറിയം കാലയളവിലും വായ്‌പയ്ക്ക് പലിശയുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. മൊറട്ടോറിയം കാലയളവിലും വായ്‌പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി.
അങ്ങനെയെങ്കിൽ വായ്‌പയെടുത്ത ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. വായ്പ പുനക്രമീകരണത്തിൽ കേന്ദ്രത്തോട് കടുത്ത അതൃപ്‌തി ഹൈക്കോടതി പ്രകടിപ്പിച്ചു. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വർഷത്തിന് ശേഷം വായ്‌പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയോ എന്നും സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്‌പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം വായ്‌പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഇക്കാര്യത്തിൽ ഏപ്രിൽ ഏഴിനകം വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഡിവിഷൻ ബെഞ്ച് ഏപ്രിൽ ഒൻപതിന് വീണ്ടും പരിഗണിക്കും.