“മുക്തി 2025”; ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ കണ്ണൂർ ടൗണിൽ റാലി സംഘടിപ്പിച്ചു
കണ്ണൂർ: നാടിനെ കാർന്ന് തിന്നുന്ന മഹാവ്യാധിയാണ് ലഹരി എന്ന വിഷം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യയിൽ 7 ദിവസങ്ങളോളമായി നടത്തി വരുന്ന “മുക്തി” എന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ടൗണിൽ റാലി സംഘടിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ റാലി ഉദ്ഘാടനം ചെയ്തു.
എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്‌തിയിലും വേരുപടർത്തുന്ന ലഹരി നാടിൻറെ മുന്നിലുള്ള ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണിതെന്നും ആരോഗ്യമുള്ള ഒരു തലമുറയാണ്, ഒരു നാടിൻ്റെ വളർച്ചക്കും വികസനത്തിനും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. ഒരു രാജ്യത്തിൻ്റെ സമ്പത്തായ ഒരു തലമുറ ലഹരിയുടെ ഉപയോഗത്താൽ തകർന്നടിയുന്നത് സ്വന്തം കുടുംബത്തിനും സമൂഹത്തിനും തീരാനഷ്‌ടമാണ് വരുത്തിവെക്കുന്നതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഒരു നാടിനെ, ഒരു രാജ്യത്തെ ഒന്നാകെ തകർക്കുന്ന ഈ കാളകൂട വിഷം ഞാൻ ഉപയോഗിക്കില്ല, ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല. ലഹരിയല്ല ജീവിതം, ലഹരിയിലല്ല ജീവിതം, ജീവിതമാകണം, കുടുംബമാകണം, സമൂഹമാകണം, സ്നേഹമാകണം നമുക്ക് ലഹരിയെന്ന മുദ്രവാഖ്യവുമായി നമുക്ക് ഒന്നായി മുന്നേറാം എന്ന് തുടങ്ങി വിവിധ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും കയ്യിലേന്തി അഞ്ഞൂറോളം വിദ്യാർത്ഥികളും, അധ്യാപകരും റാലിയിൽ അണിനിരന്നു. ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ, കോഴ്സ് കോർഡിനേറ്റർമാർ, മെൻന്റ്റർമാർ, വിദ്യാർത്ഥി പ്രതിനിതികൾ എന്നിവർ നേതൃത്വം നൽകി.