നാട്ടാന പരിപാലനം: ഹർജി ഇന്ന് പരിഗണിക്കും; ഹൈക്കോടതിയുടെ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകും
കൊച്ചി: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പ്രത്യേക ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹർജികളിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വസ്‌തുതകൾ മറച്ചുവച്ചെന്ന ആക്ഷേപത്തിൽ ഹർജിക്കാരുടെ അഭിഭാഷകർ മറുപടി നൽകും.
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാരും മറുപടി നൽകും. സുപ്രീം കോടതിക്ക് മുൻപിൽ എന്തായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതികളിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
കേരളത്തിൽ ആനയിടഞ്ഞുണ്ടായ സംഭവങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉയർത്തിയ മറ്റൊരു സംശയം. അനുകൂല ഉത്തരവിനായി അഭിഭാഷകർക്ക് തന്ത്രങ്ങളാകാം. പക്ഷേ അതിരുവിടരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ. ഈ വിമർശനങ്ങളിലാണ് അഭിഭാഷകർ മറുപടി നൽകേണ്ടത്.