ഷാബാ ഷെരീഫ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന്. കേസിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ധീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസിൽ പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.
,മൃതദേഹാവശിഷ്‌ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
കർണാടക സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്‌ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു.