Event More NewsFeature NewsNewsPoliticsPopular NewsRecent News

മുത്തങ്ങ കേസ്: കോടതി നടപടികള്‍ വൈകിയത് പ്രതികളായ ആദിവാസികൾക്കു വിനയായി

കല്‍പറ്റ: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ നടപടികള്‍ സന്ധ്യകഴിഞ്ഞും തുടര്‍ന്നത് പ്രതികളായ ആദിവാസികൾക്കു വിനയായി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഉള്‍പ്പെടെ വിദൂര പ്രദേശങ്ങളില്‍നിന്നു വന്ന പ്രതികള്‍ വീടുകളില്‍ തിരിച്ചെത്താന്‍ സാഹസപ്പെടേണ്ടിവന്നു. പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ എത്തിയെങ്കിലും കേസ് വിളിച്ചത് വളരെ വൈകിയാണ്. രാത്രി ഒൻപതോടെയാണ് കോടതി നടപടികള്‍ അവസാനിച്ചത്.മുത്തങ്ങ വനത്തില്‍ സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച 2003 ഫെബ്രുവരി 19നു പോലീസുകാരന്‍ കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇന്നലെ കോടതി വിളിച്ചത്. ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഒന്നാം പ്രതിയായ ഈ കേസില്‍ 57 പ്രതികളാണുള്ളത്. ഇതില്‍ 10 പേര്‍ മരിച്ചു. മുത്തങ്ങ സമരം നയിച്ച സി.കെ. ജാനു ഈ കേസില്‍ പ്രതിയല്ല. ഗീതാനന്ദന്‍ ഇന്നലെ കോടതിയില്‍ എത്തിയില്ല. മറ്റു പ്രതികളില്‍ ചിലരാണ് ഹാജരായത്.മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നെണ്ണം ഇനിയും തീര്‍പ്പായിട്ടില്ല. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പോലീസുകാരന്‍ കെ. വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് തുടരുന്നത്. ഈ മൂന്നു കേസുകളും കൊച്ചി സിബിഐ കോടതിയിലാണ് നടന്നിരുന്നത്. 2004ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിജെഎം കോടതിയിലും മറ്റു രണ്ടു കേസുകള്‍ വയനാട് ജില്ലാ സെഷന്‍സ് കോടതിയിലുമാണുള്ളത്.കൊച്ചിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കാന്‍ സിബിഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയിലാണ് 2016ല്‍ രണ്ടു കേസുകള്‍ വയനാട്ടിലേക്ക് മാറ്റിയത്. രജിസ്ട്രാര്‍ മുഖേനയാണ് ആദിവാസി ഗോത്രമഹാസഭ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കിയത്.വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ 12 സ്ത്രീകളടക്കം 74 പ്രതികളാണുള്ളത്. മുത്തങ്ങ സമരം നയിച്ച സി.കെ. ജാനുവും എം. ഗീതാനന്ദനുമാണ് കേസില്‍ യഥാക്രമം ഒന്നും രണ്ടും പ്രതികള്‍. ഇതില്‍ 14 പേര്‍ ഇതിനകം മരിച്ചു.വനത്തിനു തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തുവെന്ന കേസില്‍ നാല് സ്ത്രീകളടക്കം 53 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം.മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചാര്‍ജ് ചെയ്ത ഏഴ് കേസുകളില്‍ ഒന്ന് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മറ്റു കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 11 കേസുകളാണ് ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി. സിബിഐ അന്വേഷണത്തെത്തടുര്‍ന്നാണ് കേസുകളുടെ എണ്ണം മൂന്നായത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍നിന്നു ഒഴിപ്പിക്കുന്നതിനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം ദേശീയശ്രദ്ധയിലെത്തിച്ചതായിരുന്നു 2003 ജനുവരി നാലിന് മുത്തങ്ങ വനത്തില്‍ ആരംഭിച്ച ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിര്‍മാണത്തിനു കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം. സമരം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നത്തിനു പൂര്‍ണ പരിഹാരമായില്ല. ജില്ലയില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരായി തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *