ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യാക്കാനൊരുങ്ങി സർക്കാർ. മലിനീകരണം കുറക്കാനായി ഇതിനോടകം നിരവധി മാർഗങ്ങൾ അവലംബിച്ച് കഴിഞ്ഞെന്നും മുൻവർഷത്തേക്കാൾ ഭേദപ്പെട്ട നിലയാണ് ഇപ്പോഴത്തേതെന്നും പരിസ്ഥിതി മന്ത്രി മജീന്ദർ സിങ് സിർസ പറഞ്ഞു.
“കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെങ്കിലും തരത്തിൽ മനുഷ്യന് ദോഷമുണ്ടാക്കുമോ എന്ന കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കും. ഇതിൻ്റെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധന നടത്തും. വ്യാപകമായി മഴ പെയ്യിക്കുന്ന കാര്യം പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ തലസ്ഥാന പ്രദേശത്തെ മലിനീകരണം കുറയ്ക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യം” -സിർസ പറഞ്ഞു.
അതേസമയം ശൈത്യകാലത്ത് രാജ്യത്ത് ഏറ്റവും മോശം വായുവാണ് ഡൽഹിയിലുണ്ടാകാറുള്ളത്. ഇതുമൂലം ശ്വാസകോശ രോഗങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വായു ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഉൾപ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാറിൻ്റെ ഈ തീരുമാനം.