നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും; 133 സാക്ഷികൾ
പാലക്കാട്: പാലക്കാട് നെന്മാറഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. ചെന്താമര ഏക പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ടാകും. 500 ലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിക്കുന്നത്.കേസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി അനുബന്ധ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനായി. മൊഴിയുടെ പകർപ്പുൾപ്പെടെ കുറ്റപത്രത്തിലുണ്ടാവും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് വട്ടമാണ് കുറ്റപത്രത്തിൻ്റെ ഉള്ളടക്കം പരിശോധിച്ചത്. തൃശൂർ റേഞ്ച് ഡിഐജി നൽകിയ കൂട്ടിച്ചേർക്കലുകളും രേഖയാക്കി വെള്ളിയാഴ്ചയോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.വിചാരണ നടപടികൾക്കായി പിന്നീട് കുറ്റപത്രവും തൊണ്ടിമുതലും രേഖകളും ഉൾപ്പെടെ പാലക്കാട് സെഷൻസ് കോടതിയിലേക്ക് പ്രത്യേക ഉത്തരവിലൂടെ എത്തിക്കും. ജനുവരി 27നാണ് വ്യക്തി വൈരാഗ്യത്തെത്തുടർന്ന് പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.