വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അഫാനെ പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാൻ ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
എലി വിഷം, പെപ്‌സി സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പെൺസുഹൃത്തായിരുന്ന ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അഫാൻ പൊലീസ് കസ്റ്റഡിയിലാണ്.
നേരത്തെ അഫാനുമായി പാങ്ങോട്, കിളിമാനൂർ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്.