ചൂരൽമല ടൗൺ റീ ഡിസൈൻ:പിന്നിൽ ഗൂഡലക്ഷ്യം
മേപ്പാടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല ടൗണിനെ വീണ്ടെടുക്കാനെന്ന പേരില്‍ ദുരന്തമേഖലയില്‍ തലങ്ങും വിലങ്ങും റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള മന്ത്രി രാജന്റെ പ്രഖ്യാപനം ടൂറിസം ലോബിയെയും കരാറുകാരെയും സഹായിക്കാനുള്ള ഗൂഢനിക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയരുന്നു. ഡിഡാസ്റ്റര്‍ ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലാണ് ചൂരല്‍മല ടൗണ്‍ റി ഡിസൈന്‍ പ്രൊജക്ട്. കേന്ദ്ര സര്‍ക്കാര്‍ ദുരന്ത പുനരധിവാസത്തിന് അനുവദിച്ച പണത്തില്‍ നിന്നും 48 കോടി ചെലവഴിച്ചാണ് മറ്റൊരു മഹാദുരന്തം സര്‍ക്കാര്‍ വയനാടിന് സമ്മാനിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തില്‍ ഇരകളായവരുടെ പുനരധിവാസം എങ്ങും എത്താതെ ഇരിക്കുമ്പോള്‍ ഒരാവശ്യവുമില്ലാത്ത റോഡും പാലവും പുഴ വൃത്തിയാക്കലും ധൃതിപ്പെട്ട് കരാര്‍ നല്‍കുന്നതില്‍ ഭരണകക്ഷിയും പ്രതിപക്ഷവും സ്ഥലം എം എല്‍എയും ഒറ്റക്കെട്ടാണ് എന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരി മട്ടത്തേ്ക്ക് റോഡു വെട്ടുന്നത് പ്രകൃതിയോടും മനുഷ്യരോടുമുള്ള വെല്ലുവിളിയാണെന്നും. ഇത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ദുരന്തങ്ങള്‍ അതു ക്ഷണിച്ചു വരുത്തുമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പുന്നപ്പുഴയില്‍ അടിഞ്ഞ മണ്ണും പാറകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി കരാറുകാരെയും ഉദ്വോഗസ്ഥരെയും സഹായിക്കാന്‍ മാത്രമെ ഉതകൂ. ലോകത്ത് ഒരിടത്തും ഉരുള്‍ പൊട്ടിയ പ്രദേശത്തെയും നദികളിലെയും അനേകലക്ഷം ക്യൂബിക്ക് മീറ്റര്‍ വരുന്ന അവശിഷ്ടങ്ങള്‍ നീക്കാന്‍ കരാര്‍ നല്‍കിയതായി കേട്ടിട്ടില്ല. അത് അപ്രായോഗികമാണ്. മാത്രമല്ല ഇതിന്ന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പുഴകള്‍ അതിന്റെ ഗതിയും വഴിയും തിരഞ്ഞെടുത്ത് ക്രമേണ അതിന്റെ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ് പതിവ്. ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയതും പരിസ്ഥിതി ദുര്‍ബലവുമായ പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുകയും അവരുടെ കൃഷിഭൂമികള്‍ ഏറ്റെടുക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. കേന്ദ്രമനുവദിച്ച പണം ചെലവഴിക്കേണ്ടത് അതിന്നാണ്. പടവെട്ടിക്കുന്ന് പ്രദേശത്തെ മുപ്പതോളം കടുംബങ്ങളുടെ മാറ്റിപാര്‍പ്പിക്കണമെന്ന മുറവിളി സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ നിശ്ചയിച്ച ജോണ്‍ മത്തായി കമ്മറ്റിയുടെ ശുപാര്‍ശകള്‍ ഇരകള്‍ക്ക് നീതി നല്‍കാത്തതും ടൂറിസം, ഘനന ലോബിയെ സഹായിക്കുന്നതുമാണ് എന്നാണ് ഉയരുന്ന ആരോപണം.