Feature NewsNewsPopular NewsRecent Newsകേരളം

വെഞ്ഞാറമൂട് കൂട്ടക്കൊല:അഫാനെ കാണണമെന്ന്മാതാവ് ഷെമി,സാമ്പത്തികക്കുറ്റം കൂടി ചുമത്താൻ പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇവരെ സന്ദർശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോൾ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും പൂർണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

അതേസമയം,കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കുടുംബത്തിന് പണം കടം നൽകിയവർ പലിശ ഇനത്തിൽ വൻ തുക ഈടാക്കിയെന്ന വിവരത്തെത്തുടർന്നാണിത്.

അഫാന്റെ കടബാദ്ധ്യതകൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാട് നടത്തുന്ന ചില സ്ഥാപനങ്ങളിൽ നിന്നും ചില വ്യക്തികളിൽ നിന്നും കുടുംബം കടംവാങ്ങിയതിൻ്റെ വിവരങ്ങൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തിൽ മാത്രം പ്രതിമാസം വൻതുക നൽകിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.

അതേസമയം, മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതിനായുള്ള പൊലീസിന്റെ അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധിപറയും. അഫാൻ്റെ അനുജൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയത് സംബന്ധിച്ചുള അന്വേഷണത്തിൻ്റെ ഭാഗമായുളള തെളിവെടുപ്പിനാണ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *