Feature NewsNewsPopular NewsRecent Newsകേരളം

ലഹരിക്കെതിരെ സമൂഹ മനസാക്ഷി ഉണരണം: മലങ്കര കത്തോലിക്കാ സഭാ സുനഹദോസ്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമാകുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരെ സമൂഹമനസാക്ഷി ഒരുമിച്ചുനിന്ന് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര കത്തോലിക്കാ സഭാ സുനഹദോസ് പ്രസ്താവനയിൽ വ്യക്തമാക്കി.

കേട്ടുകേൾവിയില്ലാത്ത വിധം വ്യത്യസ്ഥമായ ലഹരി വസ്തുക്കൾ നാട്ടിലാകെ ലഭ്യമാകുന്ന ഗുരുതരമായ സാഹചര്യമാണ്. യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ ഇവയെല്ലാം ലഹരി വസ്‌തുക്കളുടെ അനിയന്ത്രിതമായ സംഭരണ കേന്ദ്രങ്ങളും വിതരണ ശൃംഖലകളുമായി തീരുന്നത് ആശങ്കാജനകമാണ്. അതിക്രൂരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് യുവ തലമുറയെ പ്രചോദിപ്പിക്കുന്നത് ലഹരി വസ്തുക്കളാണ്.

ലഹരി ഉപയോഗം ആഘോഷമാക്കുന്ന സിനിമകളും സാമൂഹിക മാധ്യമങ്ങളും കർശനമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കേണ്ടതാണ്. പൊലീസിനോടൊപ്പം പൊതുജനങ്ങളും ഒരുമിച്ച് അണിനിരന്നാൽ തിന്മയുടെ ശക്തിയെ സമൂഹത്തിൽനിന്ന് ആട്ടിപ്പായിക്കുവാൻ സാധിക്കുമെന്ന് സുനഹദോസ് പ്രസ്താവിച്ചു. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ മാർച്ച് 10 മുതൽ തിരുവനന്തപുരം കാതോലിക്കേറ്റ് സെൻ്ററിൽ നടന്ന സുനഹദോസ് വെള്ളിയാഴ്‌ച സമാപിച്ചു.

മലങ്കര പുനരൈക്യത്തിൻ്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷാചരണത്തിന്റെ സമാപനവും പുനരൈക്യ വാർഷികവും സെപ്റ്റംബറിൽ പത്തനംതിട്ട രൂപതയിൽ നടക്കും. 2025-26 ആരാധക്രമ വർഷമായി ആചരിക്കും. ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസിന്റെ ചുമതലയിലുള്ള സമിതി പരിപാടികൾക്ക് നേതൃത്വം നൽകും.

സഭയുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി ഡോ. ജോജു ജോൺ, അൽമായ കമ്മീഷന്റെ സെക്രട്ടറിയായി വര്ഗീസ് ജോർജ്, മീഡിയ കമ്മീഷൻ സെക്രെട്ടറിയായി ഫാ. സ്കോട്ട് സ്ലീബാ എന്നിവരെ തെരഞ്ഞെടുത്തു. സുനഹദോസിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് പുറമേ സുനഹദോസ് സെക്രട്ടറി ആർച്ചുബിഷപ്പ് തോമസ് മാർ കുറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗിവർഗ്ഗീസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ ജൂലിയോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *