ബില്ലിന്റെ പേരിൽ തട്ടിപ്പ്; തിരുവനന്തപുരത്ത് കെഎസ്ഇബി ലൈൻമാൻ തട്ടിയെടുത്തത് 39,800 രൂപ
തിരുവനന്തപുരം: ഉപഭോക്താക്കളുടെ ബില്ലടയ്ക്കാം എന്ന് പറഞ്ഞ് പണം വാങ്ങി കെഎസ്ഇബി ലൈൻമാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. തിരുവനന്തപുരം മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാൻ എം.ജെ അനിൽകുമാറാണ് തട്ടിപ്പ് നടത്തിയത്. വരുമാനത്തിൽ ഇടിവ് വന്നതോടെ അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
40 പേരിൽ നിന്നായി 39,800 രൂപയാണ് അനിൽ കുമാർ ബില്ലടച്ചു നൽകാമെന്ന വ്യാജേന വാങ്ങിയത്. ബില്ലടച്ചതുമില്ല, പകരം ബില്ലടക്കാത്തതിന് ഇവരുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു എന്ന റിപ്പോർട്ടാണ് സെക്ഷൻ ഓഫീസിൽ നൽകിയത്. 99.8 ശതമാനവും ബില്ല് തുക പിരിഞ്ഞ് കിട്ടുന്ന ഓഫീസാണ് മലയിൻകീഴ്. പെട്ടെന്ന് ഗാർഹിക ഉപഭോക്താക്കളുടെ വരുമാനത്തിലെ കുറവ് ശ്രദ്ധയിൽപെട്ട അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടുപിടിച്ചത്. തുടർന്ന് ഉപഭോക്താക്കളിൽ ആറു പേർ പരാതി നൽകി.
തട്ടിപ്പ് പുറത്തായതോടെ ഉപഭോക്താക്കളുടെ ബിൽ അനിൽകുമാർ തന്നെ അടച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പേയാട് സെക്ഷൻ ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിൽ കുമാറിന് കെഎസ്ഇബി കാട്ടാക്കട സർക്കിൾ എക്‌സിക്യൂട്ടീവ് എൻജിനീയർ കാരണം കാണിക്കൽ നോട്ടീസ് നൽകി