റേഷന്‍ വ്യാപാരികളുടെ പ്രതിമാസ വേതനം പരിഷ്‌കരിക്കണമെന്ന്
മാനന്തവാടി: റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ പ്രതിമാസ വേതനം 30,000 രൂപയാക്കി പരിഷ്‌കരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018നുശേഷം റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിച്ചിട്ടില്ല. ഏത് റേഷന്‍ കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനങ്ങള്‍ വാങ്ങാം എന്ന വ്യവസ്ഥ നടപ്പാക്കിയതോടെ മൂവായിരത്തോളം ചെറുകിട റേഷന്‍ വ്യാപാരികള്‍ 6,000 മുതല്‍ 15,000 വരെ രൂപ പ്രതിമാസ വേതനം ലഭിക്കുന്നവരായി മാറി. കട വാടക വൈദ്യുതി ചാര്‍ജ്, സെയില്‍സ്മാന്റെ വേതനം തുടങ്ങിയ ചെലവുകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന കമ്മീഷന്‍ തികയാത്ത സാഹചര്യമാണുള്ളത്. വ്യാപാരികളുടെ വേതനം അതതു മാസം റേഷന്‍ വിതരണം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം ലഭ്യമാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടുസംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി. ഷാജി യവനാര്‍കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീജന്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. എം. ഷറഫുദ്ദീന്‍, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.പി. അനിരുദ്ധന്‍, ട്രഷറര്‍ പ്രഭാകരന്‍ നായര്‍ പലവല്ലി, കെ.വി. ജോണി, കെ.ജി. രാമകൃഷ്ണന്‍, റഫീഖ് കല്ലോടി, ബേബി വാളാട് എന്നിവര്‍ പ്രസംഗിച്ചു