യുവതലമുറയ്ക്കുവേണ്ടി എഴുതണം: ബെന്യാമിൻ
മാനന്തവാടി: പ്രായമുള്ളവരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാതെ യുവതലമുറയ്ക്കായി രചനകള്‍ നടത്തണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ദ്വാരകയില്‍ വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനുമായി ‘ഒരു പത്തനംതിട്ടക്കാരനും കോട്ടയംകാരനും വയനാട്ടില്‍ പറയാനുള്ളതെന്ത്’എന്ന വിഷയത്തില്‍ നടന്ന സംഭാഷണത്തിലായിരുന്നു ബെന്യാമിന്റെ ഈ അഭിപ്രായം.
എഴുത്തില്‍ പുതിയ സാങ്കേതിക വിദ്യകളുടെയും സങ്കീര്‍ണതകളുടെയും അംശങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ ഇഷ്ടവിഷയം കണക്കായിരുന്ന, ക്രിക്കറ്റ് കളിച്ചിരുന്ന ബെന്നി ഡാനിയേല്‍ എന്ന പത്തനംതിട്ടക്കാരന്‍ എങ്ങനെ ബെന്യാമിന്‍ എന്ന എഴുത്തുകാരനായെന്നും കലാവാസന രൂപപ്പെടുത്തുന്നതില്‍ പികെ മന്ത്രി ഉള്‍പ്പടെ കലാകാരന്‍മാര്‍ വഹിച്ച പങ്കും ബെന്യാമിന്‍ വിശദീകരിച്ചപ്പോള്‍ ശബരിമല ശാസ്താവല്ലാതെ പത്തനംതിട്ടയില്‍ ഒന്നുമില്ല എന്ന ബിപിന്‍ ചന്ദ്രന്റെ അഭിപ്രായം സദസില്‍ ചിരി പടര്‍ത്തി.
പ്രീഡിഗ്രി പഠനകാലത്ത് സ്‌പോര്‍ട്‌സ് മാസികകള്‍ വായിച്ചാണ് വായനയിലേക്ക് ചുവടുവച്ചതെന്ന് ബെന്യാമിന്‍ പറഞ്ഞു. എം. മുകുന്ദന്‍, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയ എഴുത്തുകാര്‍ നല്‍കിയ പ്രോത്സഹനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രവാസജീവിതത്തിനിടയില്‍ വായിക്കാനും എഴുതാനും സമയം കണ്ടെത്തിയിരുന്ന തന്നെ മരുഭൂമിയിലെ മനുഷ്യരുടെ കഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത് എം. മുകുന്ദനായിരുന്നു. അങ്ങനെ പിറന്നതാണ് ആടുജീവിതം എന്ന പുസ്തകം. പുസ്തകങ്ങള്‍ക്കുവേണ്ടി ഭ്രാന്തമായി അലഞ്ഞ ഷെല്‍വി എന്ന മനുഷ്യനോടും പുസ്തക പ്രസാധക ലോകത്തോടുമുള്ള സമര്‍പ്പണമാണ് മള്‍ബറി എന്ന തന്റെ പുതിയ നോവല്‍ എന്നും ബന്യാമിന്‍ പറഞ്ഞു.
കോട്ടയത്തിന്റെ സാഹിത്യപ്പെരുമയെയും അച്ചടി പാരമ്പര്യത്തെയും കുറിച്ച് പൊന്‍കുന്നം സ്വദേശിയായ
ബിപിന്‍ ചന്ദ്രന്‍ സംസാരിച്ചു. പൊന്‍കുന്നം വര്‍ക്കിയും ബാബു ആന്റണിയും മറ്റുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സംഭാഷണത്തില്‍ കടന്നുവന്നു