Event More NewsFeature NewsNewsPopular News

പുള്ളിമാനിനെ വേട്ടയാടിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു

സുൽത്താൻബത്തേരി:വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ലീസ് ഭൂമിയില്‍ നിന്ന് പുള്ളിമാനിനെ വേട്ടയാടിയ അഞ്ചംഗ സംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു .ഇവരുടെ പക്കല്‍ നിന്ന് മൂന്ന് തോക്കുകളും 49 കിലോ മാനിറച്ചിയും കണ്ടെടുത്തു. ഇന്നലെ പകല്‍ 12 മണിയോട് കൂടി പൊൻകഴി സെക്ഷൻ ഫോറസ്റ്റ് പരിധിയില്‍ വരുന്ന മുറിയൻകുന്ന് വെച്ചായിരുന്നു മാൻ വേട്ട. തൃശ്ശിലേരി നുഞ്ചിക്കണ്ടി വീട്ടില്‍ ചന്ദ്രൻ (37), മേപ്പാടി പുതുക്കാട് പള്ളി പറമ്ബ് ബാബുമോൻ (42) , കാട്ടിക്കുളം അറ്റാത്ത് വീട്ടില്‍ എ.വി. അനീഷ് (20), പ്രകാശൻ (23), ബാലുശ്ശേരി പനങ്ങാട് കാരന്നൊത്ത് വീട്ടില്‍ രഞ്ജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മുറിയൻ കുന്നില്‍ വനപരിശോധന നടത്തുന്നതിനിടെയാണ് വന പാലകര കണ്ടയുടനെ രണ്ട് പ്രതികള്‍ ഓടി മറഞ്ഞത്. ഇവരെ പിൻതുടർന്ന് പിടികൂടിയതോടെയാണ് മാൻ വേട്ടയുടെ വിവരം പുറത്തായത്. പിടിയിലായ രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവ സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന മൂന്ന് പേരെയും പിടി കൂടാനായത്. ലീസ് ഭൂമിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മാനിറച്ചിയും ഒരു എയർ ഗണ്ണും രണ്ട് നാടൻ തോക്കും കണ്ടെടുത്തു. രാത്രി മാനിനെ വെടിവെച്ച ശേഷം പകല്‍ തെരഞ്ഞ് കണ്ടെത്തി ഇറച്ചിയാക്കുകയായിരുന്നു. വനത്തോട് ചേർന്ന ലീസ് ഭൂമി സ്വകാര്യ വ്യക്തി ഡ്രാഗണ്‍ ഫ്രൂട് കൃഷിക്കായി ഉപയോഗിച്ച്‌ വരുകയായിരുന്നു. ബാബു മോന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തു വരുന്നത്. തോട്ടത്തിലെ പണിക്കാരാണ് പ്രതികളെല്ലാം. വേട്ട സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നു. വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് പുറമെ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജെ. സുധീൻ, ബി.എഫ്.ഒ മാരായ ജിബിത്ത് ചന്ദ്രൻ, ആർ. സതീഷ് കുമാർ, കെ. ഉമേഷ് , എ.വി. തങ്കമ്മ, ടി.പി. ഗിരിജ , എം.വി. ഗോവിന്ദൻ, കെ.വി. രജിത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *