സുനാമി ദുരന്തത്തിന് 20 വയസ്; നടുക്കുന്ന ഓർമ്മയിൽ ലോകം
തിരുവനന്തപുരം: അലറിയടുത്ത മരണത്തിരമാലകൾ ആയിരങ്ങളുടെ ജീവൻ കവർന്ന സുനാമി ദുരന്തം സംഭവിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 2004 ഡിസംബർ 25 ന്റെ പിറ്റേന്ന് ഒരു ക്രിസ്‌മസ് ദിനത്തിൻ്റെ ആഘോഷങ്ങൾ അവസാനിക്കും മുൻപ് രംഗബോധമില്ലാതെയെത്തിയ ദുരന്തം. ഇന്ത്യയുൾപ്പെടെ 15 രാജ്യങ്ങളിൽ ആഞ്ഞടിച്ച സുനാമി കവർന്നത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ.
ഇൻഡോനേഷ്യൻ തീരത്തെ സുമാത്ര ദ്വീപുകൾക്ക് സമീപം ആഴക്കടലിൽ റിക്‌ടർ സ്കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തി പ്രകമ്പനം സൃഷ്ടിച്ച ഭൂചലനമാണ് സുനാമി തിരകൾക്ക് വഴിവെച്ചത്. ഏഷ്യയിൽ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ശക്തിയേറിയ ഭൂചലനമായിരുന്നു ഇത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായതും. അന്നുവരെ കണ്ടിട്ടില്ലാത്ത കടലിന്റെ രൗദ്രഭാവമായിരുന്നു അത് ലോകത്തിന് കാട്ടിത്തന്നത്. കേരളത്തിന്റെ തീരമേഖലയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും ഉൾപ്പെടെ ആ രാക്ഷസത്തിരമാലകൾ സംഹാരതാണ്ഡവമാടി.