Event More NewsFeature NewsNewsPopular News

സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ

കല്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അനന്തമായി നീണ്ടു കൊണ്ടിരിക്കെ സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടി പാഴ് വാക്കാകുന്നു. നിലവിൽ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് കീഴിൽ ഉള്ള കെ എസ് എഫ് ഇ മനസാക്ഷിയില്ലാതെ വായ്പക്കാർക്ക് നോട്ടീസ് അയച്ചു.ദുരന്ത സമയത്ത് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇ യിൽ നിന്നും നോട്ടീസ് കിട്ടിയത്. എല്ലാം നഷ്ടമായി പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരുടെ കുടുംബങ്ങൾ കഴിയുന്നത്. ദുരിത ബാധിതരിൽ നിന്നും ഇ എം ഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം മുൻപ് നൽകിയിരുന്നതാണ്.ഈ വിഷയം ഉന്നയിച്ചു കഴിഞ്ഞ ദിവസം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലീഡ് ബാങ്ക് ഉപരോധിച്ചിരുന്നു.ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയാറാക്കിയിരുന്നു. ഇത് പ്രകാരം വിവിധ ബാങ്കുകൾ 25 കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. സഹകരണ ബാങ്ക്, കെ എസ്, എഫ്, ഇ, പ്രൈവറ്റ് ബാങ്കുകൾ എന്നിവയുടെ കണക്ക് ഈ സംഖ്യയിൽ ഉൾപ്പെട്ടിട്ടില്ല. അത് കൂടി ചേർക്കുമ്പോൾ 35 കോടി രൂപയാണ് ആകെ വായ്പ തുക. ഈ തുക പൂർണമായും സർക്കാർ ബാങ്കുകൾക്ക് നൽകുകയോ, പകുതി പണം സർക്കാർ നൽകി ബാക്കി ബാങ്കുകളോട് വഹിക്കാൻ പറയുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ആകുകയുള്ളൂ.എന്നാൽ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച വായ്പ ക്കാരുടെ ലിസ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ സർക്കാരോ ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വായ്പക്കാരായ തങ്ങളിൽ ആരൊക്കെ സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ദുരന്തബാധിതരെ സംബന്ധിച്ചിടത്തോളം ഇന്നും അജ്ഞാതമാണ്. ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ മുന്നോട്ടു പോകുമ്പോൾ തിരിച്ചടവ് മുടങ്ങുന്ന പല ദുരന്തബാധിതരുടെയും സിബിൽ സ്കോറിനെ ഉൾപ്പെടെ ഇത് ബാധിക്കുകയും ഭാവിയിൽ മറ്റൊരു വായ്പയും ജീവിതകാലത്തിനിടയിൽ എടുക്കാൻ കഴിയാത്തവരായി മുണ്ടക്കൈ ദുരന്ത മേഖലയിലെ വായ്പക്കാർ മാറുമെന്ന ഗുരുതര സാഹചര്യത്തിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്.

Leave a Reply

Your email address will not be published. Required fields are marked *