വനനിയമ ഭേദഗതി: രാഷ്ട്രീയ കിസാന്‍ മഹാസംഘ് മാര്‍ച്ചും ധര്‍ണയും നടത്തി
മാനന്തവാടി: 1961ലെ വന നിയമ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി. നിയമഭേദഗതിക്കെതിരേ മഹാസംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഇതോടെ തുടക്കമായി.സംസ്ഥാന ചെയര്മാന് അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിക്കുന്നവിധത്തിലാണ് നിയമഭേദഗതിക്കു നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ. ബസുവും പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായുള്ള കേസില്‍ അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യവസ്ഥകള്‍ നിയമം ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരേക്കാള്‍ അധികാരം വനം ജീവനക്കാര്‍ക്ക് നല്കുന്ന ഭേദഗതി തള്ളണം. ബീറ്റു ഫോറസ്റ്റ് ഓഫീസര്‍ക്കുപോലും ആരേയും എവിടെവച്ചും അറസ്റ്റുചെയ്യാമെന്ന നിയമവ്യവസ്ഥ അധികാര ദുര്‍വിനിയോഗത്തിന് വഴിയൊരുക്കും. 2019 ഡിസംബറില്‍ കൊണ്ടുവന്ന വന നിയമ ഭേദഗതി കരടുബില്‍ ശക്തമായ കര്‍ഷക പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് അതേ ബില്‍ കൊണ്ടുവരുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അഡ്വ.ബിനോയ് തോമസ് ആവശ്യപ്പെട്ടു.സംസ്ഥാന കണ്‍വീനര്‍ പി.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ബേബി നെട്ടനാനി, കണ്‍വീനര്‍മാരായ സണ്ണി തുണ്ടത്തില്‍, എ.സി. തോമസ്, ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എ.എന്‍. മുകുന്ദന്, കര്‍ഷക ഐക്യവേദി സംസ്ഥാന ചെയര്മാന് ജയിംസ് പന്ന്യാംമാക്കല്‍, ജോസഫ് വടക്കേക്കര, സ്വപ്ന ആന്റണി, ടോമി തോമസ്, വര്‍ഗീസ് പള്ളിച്ചിറ, ഗര്‍വാസിസ് കല്ലുവയല്‍, വിദ്യാധരന് വൈദ്യര്, രാധാക്യഷ്ണന്, വര്‍ഗീസ് വൈദ്യര്, കെ.വി. ജോയി എന്നിവര്‍ പ്രസംഗിച്ചു