സന്ദര്‍ശകത്തിരക്കൊഴിഞ്ഞ് പൂക്കോട് വിനോദസഞ്ചാരകേന്ദ്രം
കല്‍പ്പറ്റ: അധിനിവേശ ഇനം പായല്‍ മൂടിയ തടാകം, പ്രവര്‍ത്തനം നിലച്ച കുട്ടികളുടെ പാര്‍ക്ക്, പൊട്ടിപ്പൊളിഞ്ഞ ബോട്ട് ജെട്ടി, കാലപ്പഴക്കവും തകാറുകളും മൂലം സുരക്ഷിത ജലയാത്രയ്ക്കു ഉതകാത്ത ചവിട്ട്, തുഴ ബോട്ടുകള്‍, അവശ നിലയിലുള്ള കെട്ടിടങ്ങള്‍, സന്ദര്‍ശകത്തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടര്‍… ഇത് വയനാട്ടിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ പൂക്കോടിന്റെ ഇപ്പോഴത്തെ അവസ്ഥ.
ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സിലിനു കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമാണ് പൂക്കോട്. സ്വദേശികളും വിദേശികളുമാടക്കം ദിനേന നാലായിരത്തിലധികം സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ സന്ദര്‍ശകരാണ് ഇപ്പോള്‍ വന്നുപോകുന്നത്. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്നു ജില്ലയില്‍ ടൂറിസം മേഖലയെ ആകെ ഗ്രസിച്ച മാന്ദ്യമാണ് പൂക്കോടും പ്രകടമാകുന്നതെന്നു ഡിടിസിപിസിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ലെന്നാണ് പ്രദേശവാസികളുടെ പക്ഷം. തടാകത്തിന്റെ സുന്ദരദൃശ്യം ഒഴികെ സഞ്ചാരികളെ ആകര്‍ഷിക്കാനും ഏതാനും മണിക്കൂറുകള്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കാനുമുള്ള വകകള്‍ ഇല്ലാത്തതാണ് പൂക്കോടിന്റെ ദുരവസ്ഥയ്ക്കു കാരണമെന്ന അവര്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പ് നിലച്ചതാണ് പൂക്കോട് തടാകക്കരയിലെ കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം. പാര്‍ക്കില്‍ കുട്ടികളുടെ വിനോദത്തിനു സ്ഥാപിച്ച സംവിധാനങ്ങളെല്ലാം തകര്‍ന്നുകിടക്കുകയാണ്. സുരക്ഷിതമായി ഇരുന്ന ആടാവുന്ന ഊഞ്ഞാല്‍പോലും നിലവില്‍ ഇല്ല. അതിനാല്‍ത്തന്നെ രക്ഷിതാക്കള്‍ക്കൊപ്പം പൂക്കോട് എത്തുന്ന കുട്ടികള്‍ എത്രയും വേഗം തിരിച്ചുപോകാന്‍ ശാഠ്യം പിടിക്കുകയാണ്.
ബോട്ടിംഗ് സൗകര്യപ്രദമാക്കുന്നതിന് തടാകത്തില്‍ 2013ല്‍ നിര്‍മിച്ച ജെട്ടി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ജെട്ടിയില്‍നിന്നു ബോട്ടില്‍ കയറാനും ഇറങ്ങാനും പ്രയാസപ്പെടുകയാണ് സഞ്ചാരികള്‍. തടാകയാത്രയ്ക്കു സജ്ജമാക്കിയ ബോട്ടുകളുടെ അവസ്ഥയും പരിതാപകരമാണ്. ഏഴുപേര്‍ക്ക് ഇരിക്കാവുന്ന എട്ട് തുഴബോട്ടും നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന 12 ഉം രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന 11 ഉം ചിവിട്ടുബോട്ടുമാണ് തടാകത്തിലുള്ളത്. 2018ല്‍ വാങ്ങിയ ഇവയില്‍ ഏതാനും ബോട്ടുകള്‍ മാത്രമാണ് തടാകത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ പരുവത്തില്‍. അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാവുന്നതാണ് ബോട്ടുകളില്‍ പലതും. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ അതിനു തയാറാകുന്നില്ല.
നീക്കുംതോറും വ്യാപിക്കുകയാണ് തടാകത്തില്‍ അധിനിവേശ ഇനം പായല്‍. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 700 മീറ്റര്‍ ഉയരത്തിലാണ് വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജല തടാകം. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് ടൂറിസം കേന്ദ്രമായത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവില്‍ ഇത് യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്. തടാകത്തിന്റെ മുക്കാല്‍ ഭാഗവും പായല്‍മൂടിക്കിടക്കുകയാണ്. ബോട്ടിംഗിനു യോജിച്ചതല്ല പായല്‍ മൂടിയ തടാകഭാഗം. 2022ല്‍ രണ്ടരക്കോടി രൂപ ചെലവില്‍ തടാകത്തില്‍നിന്നു പായലും ചെളിയും നീക്കം ചെയ്‌തെങ്കിലും ഇതിന്റെ ഗുണം ഏറെക്കാലം നീണ്ടില്ല. ബോട്ടിംഗ് മുടങ്ങുന്നത് ഒഴിവാക്കാന്‍ ജീവനക്കാരെ നിയോഗിച്ചാണ് നിലവില്‍ പായല്‍ നീക്കുന്നത്. എല്ലാ ആഴ്ചയും തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളിലാണ് ഈ പ്രവൃത്തി.
വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാവുന്നതേയുള്ളൂവെന്ന് പൂക്കോട് നിവാസികള്‍ പറയുന്നു. ഇതിനു കുട്ടികളുടെ പാര്‍ക്ക് നവീകരിക്കണം. പഴയ കെട്ടിടങ്ങളും ബോട്ട് ജെട്ടിയും പുനര്‍നിര്‍മിക്കണം. വിദഗ്ധ തൊഴിലാളികളെ നിയോഗിച്ച് പായല്‍ നീക്കണം. ബോട്ടുകള്‍ ക അറ്റകുറ്റപ്പണി നടത്തി കുറ്റമറ്റതാക്കണം. പുതിയ ബോട്ടുകള്‍ വാങ്ങണം. ഇതിനെല്ലാംകൂടി അഞ്ച് കോടിയില്‍ താഴെ രൂപ മതിയാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം