Event More NewsFeature NewsNewsPopular Newsവയനാട്

വിളവെടുപ്പ് സീസണിലെ കാലാവസ്ഥ വ്യതിയാനം; കര്‍ഷകരുടെ സ്വപ്നങ്ങളെല്ലാം കണ്ണീരാക്കുന്നു

പുല്‍പള്ളി: പ്രതീക്ഷിക്കാതെ പെയ്ത മഴ കര്‍ഷകരുടെ സ്വപ്നങ്ങളെയെല്ലാം കണ്ണീരാക്കി പെയ്തിറങ്ങി. വിളവെടുപ്പ് സീസണിലെ കാലാവസ്ഥ വ്യതിയാനം കര്‍ഷകരുടെ മനസ്സില്‍ ആദിയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പാടത്തു കൊയ്തിട്ട നെല്ലാകെ നനഞ്ഞു കുതിര്‍ന്നു. ജില്ലയിലെ മിക്ക പാടത്തും കൊയ്ത്ത് ആരംഭിച്ചു. നെല്ല് മെതിച്ചെടുക്കാനാവാതെ കളത്തില്‍ കൂട്ടിവച്ചവരും മെതിച്ചെടുത്ത നെല്ലും വൈക്കോലും ഉണക്കിയെടുക്കാനാവാത്തവരും പാടുപെടുകയാണ്. പഴുത്തു പാകമായ കാപ്പിയുടെ അവസ്ഥയും ഇതുതന്നെ. മുടിക്കെട്ടിയ അന്തരീക്ഷത്തില്‍ പറിച്ച കാപ്പിയും ഉണക്കിയെടുക്കാന്‍ കഴിയുന്നില്ല. ചാക്കില്‍ കെട്ടിവെച്ച കാപ്പി പൂത്തുനശിക്കുകയുമാണ്. പുല്‍പള്ളി ചാത്തമംഗലം, കുറിച്ചിപ്പറ്റ പാടങ്ങളില്‍ കഴിഞ്ഞ ദിവസം കൊയ്ത് ഉണങ്ങാനിട്ട നെല്ല് നനഞ്ഞു കുതിര്‍ന്നു നശിച്ചു. മഴ തുടര്‍ന്നാല്‍ ഇതു പൂര്‍ണമായും നശിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. ഇക്കൊല്ലം നെല്ലിനു മെച്ചപ്പെട്ട കാലാവസ്ഥയുണ്ടായിരുന്നു. നല്ലവിളവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവസാനഘട്ടത്തില്‍ കര്‍ഷകരുടെ സന്തോഷം കണ്ണീരായി മാറുകയാണ്. നനഞ്ഞ നെല്ലും വൈക്കോലും വാങ്ങാനാരുമില്ല. മഴ നനഞ്ഞാല്‍ വൈക്കോലിനു പൂപ്പല്‍ ബാധിക്കുന്നതിനാല്‍ ഇതു കന്നുകാലികള്‍ക്ക് കൊടുക്കാനും കഴിയില്ല. പൊതുവെ നഷ്ടമാണെങ്കിലും വൈക്കോല്‍ വിറ്റാല്‍ ചെലവുതുകയുടെ ഒരു ഭാഗം ലഭിക്കും. മഴനനയാതെ നെല്ല് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ പാടങ്ങളിലില്ല. പാടത്തു തന്നെ സൂക്ഷിച്ച് നെല്ലും വൈക്കോലും ഉണക്കിയെടുത്ത് വീടുകളിലേക്ക് കൊണ്ടുപോകുകയാണ് സാധാരണ പതിവ്. മിക്ക പാടങ്ങളിലും വെള്ളക്കെട്ടുള്ളതിനാല്‍ യന്ത്രങ്ങളിറക്കി കൊയ്ത്ത് നടത്താനാവുന്നുമില്ല. ആളെനിര്‍ത്തി കൊയ്യാനും പ്രയാസപ്പെടുകയാണ്. തൊഴിലുറപ്പ് ജോലികളും ഈ സമയത്ത് നടക്കുന്നതിനാല്‍ ജോലിക്കാര്‍ക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മാത്രവുമല്ല, കൈക്കൊയ്ത്തിന് ഇരട്ടിയിലധികം ചെലവുമുണ്ട്. ഒരേക്കര്‍ സ്ഥലത്തെ നെല്ലിന്റെ പണികള്‍ തീര്‍ത്ത് വീട്ടിലെത്തിക്കാന്‍ കാല്‍ലക്ഷം രൂപയോളം ചിലവ് വേണ്ടി വരുമെന്നു കര്‍ഷകര്‍ പറയുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പൊതുവെ മഴ കുറവാണെങ്കിലും പെയ്യുന്ന ചാറ്റല്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കര്‍ഷകര്‍ക്ക് വിനയാവുകയുമാണ്

Leave a Reply

Your email address will not be published. Required fields are marked *