ബത്തേരി ശ്രേയസ് ജീവനോപാധി, കമ്മ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതികള്‍ നടപ്പാക്കുന്നു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് ജില്ലയിലെ ഉരുള്‍പൊട്ടല്‍-പ്രളയ ബാധിതര്‍ക്കായി കാത്തലിക് റിലീസ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ജീവനോപാധി, കമ്മ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഉദ്ഘാടനം ശ്രേയസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ദുരന്തബാധിതര്‍ക്കായി ശ്രേയസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നു അദ്ദേഹം പറഞ്ഞു. ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. കാത്തലിക് റിലീഫ് സര്‍വീസും കാരിത്താസും കത്തോലിക്കാസഭയുടെ അനുകമ്പയുടെ മുഖങ്ങളാണെന്ന് പിതാവ് പറഞ്ഞു. തെരഞ്ഞെടുത്ത 316 കുടുംബങ്ങള്‍ക്ക് ജീവനോപാധി പദ്ധതികള്‍ ആരംഭിക്കുന്നതിനു ആദ്യഘട്ടം ചെക്ക് വിതരണം ബിഷപ് നിര്‍വഹിച്ചു.ദുരന്തബാധിതരുടെ അതിജീവനത്തിനു ശ്രേയസ് നടത്തുന്ന പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ വിശദീകരിച്ചു. മുനിസിപ്പല്‍ ചെയര്മാന് ടി.കെ. രമേശ് മുഖ്യപ്രഭാഷണം നടത്തി. കാത്തലിക് റിലീഫ് സര്‍വീസ് ടീം കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ടീം ലീഡര്‍ കെ.ഡി. ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ രാധ രവീന്ദ്രന്, കാത്തലിക് റിലീഫ് സര്‍വീസ് ഫിനാന്‍സ് മാനേജര്‍ അനീഷ് വര്‍ഗീസ്, ശ്രേയസ് പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ലില്ലി വര്‍ഗീസ്, ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരായ ആദിത്യ എസ്. ഭാനു, അബിന്യ, ലിജിന, ഷിനിജ, ഡിലോണ്‍ ജോസഫ്, പി.എഫ്. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രേയസ് കേണിച്ചിറ യൂണിറ്റ് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു