ക്ഷേമ പെൻഷൻ തട്ടിപ്പ്:ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാർ പങ്കെടുക്കും
ക്ഷേമ പെൻഷൻ തട്ടിപ്പിൽ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയിൽ കൈയിട്ടു വാരിയവർക്കെതിരെ കർശന നടപടിക്ക് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും.
അതേസമയം, അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉടൻ നോട്ടീസ് നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അനർഹരെന്ന് കണ്ടെത്തിയ 63 പേരെ നേരിൽ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കൽ നഗരസഭയും തുടങ്ങി. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകിയിരുന്നു.
കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് വിജിലൻസ് ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ അന്വേഷണം. BMW ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നായിരുന്നു കണ്ടെത്തൽ. വീടുകളിൽ എ.സി സൗകര്യം ഉള്ളവരും, സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമപെൻഷൻവാങ്ങുന്നുവെന്നും കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ മേഖലയിൽ ഉള്ള 9201 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നു സി&എജി 2023ൽ റിപ്പോർട്ട് ചെയ്തിരുന്നു.