പ്രിയങ്കയ്ക്ക് വയനാട്ടില്‍ വീടും ഓഫീസും
കൽപ്പറ്റ:പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടില്‍ ഓഫീസിന് പുറമേ വീടും ആലോചനയില്‍. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുശേഷമാകും തീരുമാനം.വയനാട് മണ്ഡലത്തില്‍ സ്ഥിര സാന്നിദ്ധ്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും. റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ആഗ്രഹിക്കുന്നത്.എം.പി ഓഫീസ്,പാർട്ടി യോഗങ്ങള്‍ ചേരാനുളള സംവിധാനം,കോണ്‍ഫറൻസ് റൂം,ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുന്ന പ്രത്യേക ഓഫീസ് എന്നിവ ഉള്‍പ്പെട്ടതായിരിക്കണം വീടും ഓഫീസുമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ കൂടുതല്‍ സമയം മണ്ഡലത്തില്‍ ചെലവഴിച്ച് ജനങ്ങള്‍ക്കൊപ്പം പ്രവർത്തിക്കാനും ജയിച്ച് കഴിഞ്ഞാല്‍ മണ്ഡലത്തെ തഴയുമെന്ന ആരോപണം മറികടക്കുകയുമാണ് ലക്ഷ്യം. രാഹുല്‍ എം.പിയായിരുന്നപ്പോള്‍ കല്‍പ്പറ്റയില്‍ ഓഫീസ് പ്രവർത്തിച്ചിരുന്നു.അതേസമയം,എം.പിയെന്ന നിലയില്‍ പ്രിയങ്ക വയനാട്ടില്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാല്‍ പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. റായ്ബറേലിയില്‍ സോണിയയുടെ ഓഫീസിന്റെ ഏകോപന ചുമതല പ്രിയങ്കയ്ക്കായിരുന്നു.