Feature NewsNewsPopular NewsRecent Newsവയനാട്

വയനാട്ടിൽ കുടിയിറക്കിയ ആദിവാസികളെ വനംവകുപ്പ് ക്വാർട്ടേഴ്സിലേക്ക് മാറ്റി

വയനാട്: തിരുനെല്ലിയിൽ ബലം പ്രയോഗിച്ച് കുടിയിറക്കിയ ആദിവാസികളെ വനംവകുപ്പ് ക്വാർട്ടേഴ്സിലേക്ക് മാറ്റി. ഏറെ നേരം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നടപടി. വീട് പണി പൂർത്തിയാകുന്നത് വരേ മൂന്നു കുടുംബങ്ങളെയും വാടകയില്ലാതെ ക്വാർട്ടേഴ്സിൽ താമസിപ്പിക്കുമെന്നാണ് വനംവകുപ്പിൻ്റെ തീരുമാനം.

അനധികൃതമെന്ന് ആരോപിച്ച് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ വനംവകുപ്പ് പൊളിച്ചു മാറ്റുകയായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല പണിയ ഊരിലായിരുന്നു വനം വകുപ്പിൻ്റെ പൊളിച്ചു മാറ്റൽ നടപടി മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയാണ് കുടിലുകൾ പൊളിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞുങ്ങടക്കം രാത്രി കഴിച്ചുകൂട്ടിയത് ആനയിറങ്ങുന്ന മേഖലയിലായിരുന്നു. പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പിൻ്റെ നടപടി. സംഭവത്തിന് പിന്നാലെ ഗർഭിണിയും കുട്ടികളും അടക്കം ആദിവാസികൾ വനം വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വനംമന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സംഭവത്തിൽ മന്ത്രി വിശദീകരണമാവശ്യപ്പെടുകയും ചെയ്ത‌ിട്ടുണ്ട്.

കുടിലുകൾ പൊളിക്കുന്നതിന് മുമ്പ് പകരം താമസസസൗകര്യം ഏർപ്പെടുത്താമെന്ന് പറഞ്ഞാണ് കുടിലുകൾ പൊളിക്കാൻ തുടങ്ങിയതെന്നും എന്നാൽ പൊളിക്കൽ തുടങ്ങിയതിന് ശേഷം ഇവർ പൊളിക്കൽ തടയുകയുമായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *