ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി
കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്റെ (കൈറ്റ്)നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്കു സഹായകമായ പ്രോഗ്രാം ക്യാമ്പുകളില്‍ തയാറാക്കും.സ്വതന്ത്ര സോഫ്റ്റ് വേറുകളായ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ ബോധത്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും തയാറാക്കും.ജില്ലയില്‍ 68 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 6,535 അംഗങ്ങളുണ്ട്. സ്‌കൂള്‍തല ക്യാമ്പുകളില്‍നിന്നു തെരഞ്ഞെടുത്ത 466 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ലാ ക്യാമ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 52 കുട്ടികളെ ഡിസംബറില്‍ നടത്തുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.