കണ്ണിനു കുളിരേകി വീട്ടുമുറ്റത്തെ നെൽകൃഷി
പുല്പള്ളി: വീട്ടുമുറ്റത്തെ നെല്‍കൃഷി കൗതുകമാകുന്നു. താന്നിതെരുവില്‍ പഴശ്ശി കോളേജിന് സമീപത്തു താമസിക്കുന്ന തുറപ്പുറത്ത് യോഹന്നാന് തന്റെ വീട്ടുമുറ്റത്തൊരുക്കിയ നെല്‍കൃഷിയാണ് കാണികളില്‍ കൗതുകമുണര്‍ത്തുന്നത്. നെല്‍കൃഷിയോടുള്ള കമ്പം തന്നെയാണ് ഇത്തരമൊരു കൃഷിക്ക് പ്രേരിപ്പിച്ചത്. വീടിന്റെ മുന്‍ഭാഗത്ത് മുറ്റത്തിനോടു ചേര്ന്നഭാഗം ഒരുക്കിയെടുത്താണ് നെല്‍കൃഷി നടത്തുന്നത്. അതിനുവേണ്ടി രണ്ടുടിപ്പര് മണ്ണ് കൊണ്ടുവന്ന് പാടമാക്കി തിരിച്ചു. തുടര്‍ന്ന് നനച്ച് ഞാറു നടുന്നതിന് പാകമാക്കി ഒരുക്കി നെല്‍കൃഷിക്ക് സജ്ജമാക്കുകയായിരുന്നു. തൊഴിലാളികളെ കൂട്ടിയാണ് നടീല്‍ നടത്തിയത്. കളപറിക്കലും വളമിടീലുമെല്ലാം സ്വന്തം ചെയ്തു. ആറുമാസം വളര്‍ച്ചയുളള നെല്ലിനമായ അന്നപൂര്‍ണ്ണ അഞ്ചുമാസമായപ്പോള് കതിരിട്ടു. ഇപ്പോള്‍ കതിര് നിറഞ്ഞ നെല്ചെടികള് കാറ്റിലുലഞ്ഞു നില്ക്കുമ്പോള് കണ്ണുകള്‍ക്ക് കുളിരേകുകയാണ്. യോഹന്നാന് പൂര്‍ണ്ണ പിന്തുണയുമായി ഭാര്യ ലില്ലിയുമുണ്ട്. ഏക്കര്‍ കണക്കിന് വയലുകള്‍ കര്‍ഷകര്‍ കൃഷി ചെയ്യാതെ ഒഴിവാക്കിയിടുന്ന ഇക്കാലത്ത് വളരെ മികച്ച രീതിയിലാണ് ഇവര്‍ നെല്‍കൃഷി ചെയ്തെടുത്തത്. എന്നാല്‍ ഇത്തരം കൃഷികള്‍ക്ക് ചിലവ് വളരെ കൂടുതലാണെന്നും നനവ് കൊടുക്കുന്നതിനായി വലിയതോതില്‍ വെള്ളം വേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. തങ്ങള്‍ കൃഷി ചെയ്ത നെല്‍പ്പാടം കാണുമ്പോള്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്നു എന്നും ഇവര്‍ പറയുന്നു. നിരവധി ആളുകളാണ് നെല്‍പ്പാടം കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ഇവിടെ എത്തിച്ചേരുന്നത്. അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്കാരത്തിന് മുതല്‍കൂട്ടാവുകയാണ് യോഹന്നാന്റെ ഈ നെല്‍കൃഷി.