ഗോത്രസമൂഹത്തിന് വരുമാന മാര്‍ഗമായി വനപ്രദേശത്തെ കുറുന്തോട്ടി ചെടികള്‍
പുല്പള്ളി: ഗോത്രസമൂഹത്തിന് വരുമാനമാര്‍ഗമായി മാറുകയാണ് വനപ്രദേശത്തെ കുറുന്തോട്ടി ചെടികള്‍. ആയുര്‍വേദ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്ന കുറുന്തോട്ടി ഇപ്പോള്‍ വന്‍തോതില്‍ സംഭരിക്കുന്നുണ്ട്. പട്ടികവര്‍ഗ സഹകരണ സംഘങ്ങളാണ് ഇവ സംഭരിച്ച് ഉണക്കി മരുന്നു കമ്പനികള്‍ക്ക് വില്‍ക്കുന്നത്. പച്ചക്കുറുന്തോട്ടി എത്തിക്കുന്നവര്‍ക്ക് കിലോഗ്രാമിന് 17 രൂപ തോതില്‍ ലഭിക്കും. പുല്പള്ളി, തിരുനെല്ലി, ബത്തേരി, മേപ്പാടി തുടങ്ങിയ സംഘങ്ങള്‍ക്കു കീഴില്‍ നൂറുകണക്കിനാളുകള്‍ കുറുന്തോട്ടി ശേഖരിക്കുന്നു. വനത്തിലും സ്വകാര്യ തോട്ടങ്ങളിലും പാതയോരങ്ങളിലും വളരുന്ന കറുത്ത കുറുന്തോട്ടിയാണ് മരുന്ന് ആവശ്യത്തിന് ഉപയോഗിക്കുന്നത്. ചെടി പറിച്ചെടുത്ത് വേരിലെ മണ്ണുനീക്കി കെട്ടുകളാക്കി സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നു. സീസണിലെ തേന്‍സംഭരണം വനവിഭവങ്ങള്‍ ശേഖരിക്കുന്നവരെ നിരാശരാക്കിയിരുന്നു. ഏറെക്കാലത്തിനു ശേഷം ഇക്കൊല്ലം തേന്‍സംഭരണം തീരെയുണ്ടായില്ല. തേന്‍ ഉല്പാദനം കാര്യമായി കുറഞ്ഞു. വരള്‍ച്ചയും അന്തരീക്ഷ താപവും നീണ്ടുനിന്നതാണ് കാരണമായി പറയുന്നത്. തേന്‍ ശേഖരിക്കാന്‍ ദിവസങ്ങളോളം വനത്തില്‍ തമ്പടിച്ചവര്‍ക്കും കാര്യമായൊന്നും ലഭിച്ചില്ല. കര്‍ണാടക ഉള്‍വനങ്ങളിലേക്കു തേന്‍ ശേഖരിക്കാന്‍ പോകുന്നവര്‍ പാത്രങ്ങള്‍ നിറയെ തേനുമായി വരുമായിരുന്നു. ഇക്കൊല്ലം നിരാശയോടെ മടങ്ങി. മഴമാറ്റത്തോടെ കുറുന്തോട്ടിയായി ആശ്രയം കുറുന്തോട്ടി ശേഖരിക്കാന്‍ കുട്ടമായി വനത്തില്‍ കയറുന്നവര്‍ വൈകിട്ട് കെട്ടുകണക്കിനു മരുന്നുമായി വരുന്നത് വനാതിര്‍ത്തിയിലെ പതിവുകാഴ്ചയാണ്. 1000 രൂപയില്‍ കുറയാത്ത വരുമാനം ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടാവും. വേനല്‍ ശക്തമാകുന്നതോടെ ഇവ പറിച്ചെടുക്കാനുള്ള കഷ്ടപ്പാടേറും. വെയിലത്തുണക്കി മഴയും മഞ്ഞും കൊളളാതെ സംഘങ്ങള്‍ ഇവ സൂക്ഷിച്ച് ഓര്‍ഡറനുസരിച്ച് കയറ്റിവിടും. കുറുന്തോട്ടിക്കു ശേഷം ചുണ്ട, ഓരില, മൂവില, മരങ്ങളിലെ പൂപ്പല്‍ എന്നിവകളും ശേഖരിക്കും.