Feature NewsNewsPopular NewsRecent Newsകേരളം

വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കണം

കൽപ്പറ്റ :വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്. കേരളത്തിലെ കൊടും വേനലില്‍ നിന്നും രക്ഷനേടാനായാണ് എല്ലാവരും വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കുന്നത്. എന്നാല്‍, കോടതിവിധിയുണ്ട് എന്ന ധൈര്യത്തില്‍ ഏത് സണ്‍ ഫിലിമും വാഹനങ്ങളിലെ ഗ്ലാസുകളില്‍ പതിപ്പിച്ചാല്‍ പിടിവീഴും. പിഴ ഒടുക്കേണ്ടിയും വരും. സംസ്ഥാനത്തെ വാഹനങ്ങളുടെ ഗ്ലാസുകളില്‍ പതിപ്പിക്കാവുന്ന കൂളിങ് ഫിലിമുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതുപാലിച്ച്‌ മാത്രമേ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാവൂ എന്ന് മോട്ടോർ വാഗന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു. വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള ചില്ലുകളില്‍ 70 ശതമാനം പ്രകാശം കടന്നുപോകുന്ന കൂളിങ് ഫിലിം വേണം ഒട്ടിക്കാൻ. വശങ്ങളില്‍ 50 ശതമാനം പ്രകാശം കടന്നുപോകുന്ന തരത്തില്‍ കൂളിങ് ഫിലിം ഒട്ടിക്കാം.കേരള ടൂർ പാക്കേജ്

ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ ഉള്‍വശം കാണാത്തതരത്തില്‍ ഫിലിം ഒട്ടിച്ചാല്‍ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബിഎസ്ഐ, ഐഎസ്ഐ മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്‌കാൻ ചെയ്താല്‍ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം. മോട്ടോർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച്‌ കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നുമാണ് ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മോട്ടോർ വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച്‌ ബിഎസ്എസ് നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉള്‍പ്പെടെ മോട്ടോർ വാഹനവകുപ്പ് നല്‍കിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളില്‍ നിഷ്‌കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്‌ നാഗരാജു വ്യക്തമാക്കുന്നു. ഇവയുടെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരമായി നൂറെണ്ണം വാങ്ങി ആർടിഒ ഓഫീസുകളിലേക്കെത്തിക്കുമെന്നും നാഗരാജു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *