സ്ഥിരം അപകടമേഖലയായി കാപ്പിസെറ്റ് – ചെറ്റപ്പാലം റോഡ്
പുല്‍പള്ളി: കാപ്പിസെറ്റ് പയ്യമ്പള്ളി റോഡില്‍ കാപ്പിസെറ്റ് മുതല്‍ ചെറ്റപ്പാലം വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കയറ്റവും ഇറക്കവും വളവും തിരിവുമുള്ള ഈ ഭാഗങ്ങളില്‍ ദിനംപ്രതി അപകങ്ങള്‍ പതിവ് കാഴ്ച്ചയാണ്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി അടുത്തിടെയാണ് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌കൂള്‍, ബാങ്ക്, ട്രൈബല്‍ ഹോസ്റ്റല്‍, ഗോത്ര സങ്കേതം, ക്ലബ് എന്നിവയെല്ലാം ഇവിടെയാണുള്ളത്. ഇവിടങ്ങളിലെത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ അപകടങ്ങളില്‍പെടുന്നതും പതിവാണ്. സ്‌കൂള്‍ കുട്ടികള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ കുതിച്ചുപായുന്നു. സന്ധ്യ കഴിഞ്ഞാല്‍ മദ്യലഹരിയില്‍ വാഹനമോടിക്കുന്നവരും കുറവല്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ പാതയാണെങ്കിലും മുന്നറിയിപ്പ് സിഗ്‌നലുകള്‍ പലയിടത്തുമില്ല. ഈ പാതയില്‍ നിന്നു ഉദയക്കവല റൂട്ടിലേക്ക് തിരിയുന്ന പാതയിലൂടെയും വാഹനങ്ങള്‍ മരണപ്പാച്ചിലാണ് നടത്തുന്നത്. ഈ റോഡിലേക്കുള്ള പ്രവേശനസ്ഥലത്ത് വരമ്പുകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അയ്യപ്പ ഭജനമഠത്തിനടുത്ത് കൊടുംവളവിലെ പൈപ്പ് ലൈന്‍ തകരാര്‍ പരിഹരിക്കാന്‍ ഒരുമാസം മുന്‍പ് ആരംഭിച്ച ജോലികള്‍ ഇപ്പോഴും തുടരുന്നു. റോഡില്‍ തടസ്സമുണ്ടാക്കി മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പലപ്പോഴും ഇതില്‍ ഇടിച്ചാണ് ബൈക്കുകള്‍ മറിയുന്നത്. ഇവിടെ കലുങ്കിനടുത്ത് പൈപ്പ് പൊട്ടിയിരുന്നു. അതു നന്നാക്കാനാണ് റോഡ് കുഴിച്ചിട്ടത്. ആഴ്ചകള്‍ പലതുകഴിഞ്ഞിട്ടും തകരാര്‍ പരിഹരിച്ച് മാര്‍ഗ തടസ്സം നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. മുള്ളന്‍കൊല്ലി പാടിച്ചിറസീതാമൗണ്ട് റോഡ് തകര്‍ന്നതോടെ കര്‍ണാടക അതിര്‍ത്തിയിലെ യാത്രക്കാരും യാത്ര ഇതുവഴിയാക്കി. വാഹനപ്പെരുപ്പവും അശ്രദ്ധമായ െ്രെഡവിങും റൂട്ടില്‍ അപകടങ്ങള്‍ക്കിടയാകുകയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്