റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പരാതിയുമായി സിപിഐ വയനാട് ഘടകം
കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ സിപിഐ വയനാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന്, ഡിജിപി എന്നിവര്‍ക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റിക്കും പരാതി നല്കി. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പാര്‍ട്ടി യോഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസംഗിച്ചു എന്നായിരുന്നു വീഡിയോ സഹിതമുള്ള ചാനല്‍ വാര്‍ത്ത.രണ്ടുമാസം മുന്‍പ് മാനന്തവാടിക്കു സമീപം ഇന്‍ഡോര്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗമാണ് ചാനല്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ തെരഞ്ഞെടുപ്പിന്റെ തലേന്ന് സപ്രേഷണം ചെയ്തതെന്നു സിപിഐജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റാരോപിതര്‍ക്കെതിരേ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിരോധം തീര്‍ക്കുന്നതിനാണ് ചാനല്‍ മാധ്യമ ധാര്‍മികതയ്ക്കു നിരക്കാത്ത വാര്‍ത്ത നല്‍കിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന് ചെറുകര, പി.കെ. മൂര്‍ത്തി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ചാനലിനേതിരേ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യുമെന്ന് അവര്‍ അറിയിച്ചു. ഇന്‍ഡോര്‍ പരിപാടിയില്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗം ചോര്‍ത്തി ചാനലിനു നല്‍കിയത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും സിപിഎം വേണ്ടവിധം സഹകരിച്ചില്ലെന്ന ആക്ഷേപം സിപിഐയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.