Feature NewsNewsPopular NewsRecent Newsകേരളം

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: വീണ ജോർജ്

തിരുവനന്തപുരം: പനി വന്നാൽ സ്വയം ചികിത്സിച്ച് മാറ്റാൻ ശ്രമിക്കരുതെന്നും ഉടനെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിലെ പനി പകർച്ച പനിയിലേക്ക് മാറാൻ സാധ്യത കൂടുതലാണെന്നും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ എലിപ്പനി, ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികളുടെ സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ കൂടുന്നത്. ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്‌സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി പറഞ്ഞു.മലിന ജലവുമായുള്ള സമ്പർക്കം കുറക്കണം, കൈകാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മലിന ജലവുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവർ ഗ്ലൗസ് ധരിക്കണം. പ്രതിരോധമരുന്നകൾ നിർബന്ധമായും കഴിക്കണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നിർദേശത്തിൽ പറയുന്നു.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *