സംസ്കൃത സർവകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്.
കൽപറ്റ: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃ ഭാഷാപുരസ്കാരം ഈ വർഷം സി. കെ. ജാനുവിന് . 10,000 രൂപയും ഫലകവുമാണ് അവാർഡ്.കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവം ലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നവയാണ് സി. കെ. ജാനുവിൻ്റെ ആത്മകഥകൾ .മലയാളത്തിൻ്റെ ജനാധിപത്യപരമായ ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതിൽ ഈ രചനകൾ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാർന്ന ഭാഷാപ്രവർത്തനമായി കണ്ടുകൊണ്ടാണ് ഈ വർഷത്തെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി.കെ. ജാനുവിന് സമർപ്പിക്കാൻ സർവകലാശാല മാതൃഭാഷാ പുരസ്കാരസമിതി തീരുമാനിച്ചത്.നവംബർ 14ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പുരസ്കാരം സമർപ്പിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്, കൺവീനറും ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ, ഡോ. എം. സി. അബ്ദുൾനാസർ, ഡോ. ബിച്ചു. എക്സ്. മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.