തോട്ടം തൊഴിലാളികള്‍ക്കായി താമസ സ്ഥലങ്ങള്‍ പുതുക്കി പണിത് ഹാരിസണ്‍സ് മലയാളം
കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താമസ സ്ഥലം നഷ്ടപ്പെട്ട തേയില തോട്ടം തൊഴിലാളികള്‍ക്കായി ഹാരിസണ്‍സ് മലയാളം 95 പുതുക്കിയ താമസ സ്ഥലങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഒഴിഞ്ഞു കിടന്ന ലയങ്ങളാണു മികച്ച രീതിയില്‍ പുതുക്കിപ്പണിതു താമസത്തിനു യോഗ്യമാക്കിയത്. 127 കുടുംബങ്ങള്‍ക്കാണു പാര്‍പ്പിടം നഷ്ടമായത്. ഓരോ കുടുംബത്തിനും നിത്യോപയോഗ സാമഗ്രികളുടെ കിറ്റ്, പാത്രങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കി. അരപ്പറ്റ, ചൂണ്ടേല്‍, അച്ചൂര്‍ എസ്‌റ്റേറ്റുകളിലാണു സൗകര്യം ഏര്‍പ്പെടുത്തിയത്. 45 കുടുംബങ്ങള്‍ പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. ബാക്കി ഉള്ളവരും ഉടനെത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 40 തൊഴിലാളികള്‍ ആവശ്യപ്പെട്ട പ്രകാരം സ്ഥലം മാറ്റം അനുവദിച്ചു.മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. അതില്‍ 3 പേര്‍ ജോലിക്ക് കയറി. ദുരന്തത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ് അടക്കമുള്ള സംവിധാനങ്ങളും ഹാരിസണ്‍സ് മലയാളം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു